ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ടത് 2.6 ലക്ഷം പേര്‍; ആഭ്യന്തരയുദ്ധത്തിന് അന്ത്യം കുറിച്ചപ്പോള്‍ നൊബേല്‍സമ്മാനവും തേടിയെത്തി

ശനി, 8 ഒക്‌ടോബര്‍ 2016 (15:38 IST)
കഴിഞ്ഞ 52 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള കൊളംബിയ പ്രസിഡന്റിന്റെ ശ്രമം വെറുതെയായില്ല. കമ്യൂണിസ്റ്റ് വിമതസംഘടന ഫാര്‍ക്കുമായി (എഫ് എ ആര്‍ സി) സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. രാജ്യത്ത് കഴിഞ്ഞ 52 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തില്‍ 2.6 ലക്ഷം പേര്‍ കൊല്ലപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ യുദ്ധം അവസാനിപ്പിക്കുക എന്നത് സാന്തോസിന് കടുത്ത വെല്ലുവിളിയായിരുന്നു. ഒടുവില്‍ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പുവെച്ച് സാന്തോസ് അതിന്റെ വിജയകരമായ പരിസമാപ്‌തിയില്‍ എത്തുകയും ചെയ്തു. ഇതിനു പിന്നാലെ സാന്തോസിനെ തേടി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം എത്തുകയും ചെയ്തു.
 
പക്ഷേ എഫ് എ ആര്‍ സിയുമായി സര്‍ക്കാര്‍ ഒപ്പുവെച്ച സമാധാന ഉടമ്പടി അംഗീകരിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ല. സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതിനു ശേഷം ഞായറാഴ്ച ഹിതപരിശോധന നടത്തിയെങ്കിലും കൊളംബിയന്‍ ജനത ഉടമ്പടി തള്ളുകയായിരുന്നു. കരാറിനെ 49 ശതമാനം അനുകൂലിച്ചെങ്കിലും 51 ശതമാനം കരാറിനെതിരെയാണ് വോട്ട് ചെയ്തത്. എന്നാല്‍, ഹിതപരിശോധനയിലേറ്റ തിരിച്ചടി സാന്തോസിനെ ബാധിച്ചില്ല. സമാധാനത്തിനുള്ള നൊബേല്‍ അദ്ദേഹത്തിനു തന്നെ ലഭിച്ചു.
 
ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സമാധാനശ്രമങ്ങളില്‍ ഒന്നായാണ് നൊബേല്‍ കമ്മിറ്റി ഈ സമാധാനകരാറിനെ വിലയിരുത്തിയത്. ആധുനിക കാലത്തെ ഏറ്റവും നീണ്ട ആഭ്യന്തരയുദ്ധങ്ങളില്‍ ഒന്നിന് അന്ത്യം കാണാന്‍ സാന്തോസ് ശ്രമിച്ചത് തന്നെയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അതേസമയം, കരാറില്‍ ഒപ്പിട്ട ഫാര്‍ക് നേതാവ് റോഡ്രിഗോ ലണ്ടനോയെ പുരസ്കാരത്തിന് പരിഗണിച്ചില്ല.
 
സമാധാനം ആഗ്രഹിക്കുന്ന കൊളംബിയയിലെ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ് പുരസ്കാരമെന്നാണ് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കുന്നത്. രാജ്യത്തെ സമാധാനശ്രമങ്ങള്‍ക്ക് ഇത് കരുത്തു പകരുമെന്നും നൊബേല്‍ കമ്മിറ്റി വിലയിരുത്തുന്നു. അതേസമയം, ഹിതപരിശോധനാഫലം സമാധാന ഉടമ്പടിക്ക് തടസ്സമാകുമോ എന്ന ആശങ്കയും നൊബേല്‍ സമിതിക്കുണ്ട്.

വെബ്ദുനിയ വായിക്കുക