ചൈനയില്‍ 13 തീവ്രവാദികളെ പൊലീസ് വെടിവെച്ചു കൊന്നു
ശനി, 21 ജൂണ്‍ 2014 (17:34 IST)
ചൈനയില്‍ പൊലീസ് മന്ദിരത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി സ്ഫോടനം നടത്താന്‍ ശ്രമിച്ച 13 തീവ്രവാദികളെ പൊലീസ് വെടിവെച്ചു കൊന്നു. സിന്‍ജിയാംഗ് പ്രവിശ്യയില്‍ നിന്നുള്ളവരാണ് ആക്രമണം നടത്തിയതെന്ന് ചൈനിസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാര്‍ഡകിലിലെ പൊലീസ് സുരക്ഷാ മന്ദിരത്തിലെ സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്ത് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ അകത്തു കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പൊലീസ് വെടിവെച്ചു കൊന്നത്. സംഭവത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ചൈനയില്‍ നിന്നും കൂടുതല്‍ സ്വയംഭരണാവാകാശം ആവശ്യപ്പെടുന്ന സിന്‍ജിയാംഗിലെ ഉയിഗൂര്‍ മുസ്ലീം തീവ്രവാദികള്‍ കാലങ്ങളായി പ്രദേശത്ത് വിഘടനവാദം പ്രചരിപ്പിക്കുന്നുണ്ട്. ചൈനിസ് സര്‍ക്കാറും ഇവരും തമ്മിലുള്ള പോരാട്ടം വര്‍ധിച്ചു വരികയാണ്. 13 സിന്‍ജിയാംഗ് പ്രക്ഷോഭകരുടെ വധശിക്ഷ ചൈന തിങ്കളാഴ്ച നടപ്പാക്കിയിരുന്നു.