വെള്ളമടിക്കരുത്, വ്യഭിചരിക്കരുത്...! ചൈനയിലെ സഖാക്കന്മാര്‍ക്ക് പാര്‍ട്ടിയുടെ പുതിയ കല്‍പ്പന
വെള്ളി, 23 ഒക്‌ടോബര്‍ 2015 (15:17 IST)
ശക്തമായ അഴിമതി വിരുദ്ധ നിയമങ്ങള്‍ ഉണ്ടായിട്ടും അഴിമതിക്ക് ഒട്ടും കുറവില്ലാത്ത രാജ്യമാണ് ചൈന. അതിനാല്‍ അധികാരം ഒറ്റയ്ക്ക് കൈയ്യാളുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ സഖാക്കന്മാരെ നിലയ്ക്ക് നിര്‍ത്താനുള്ള പുതിയ കല്‍പ്പനകള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. മദ്യപാനം, വ്യഭിചാരം, അമിത ഭക്ഷണം, ഗോള്‍ഫ്, ജിം ക്ലബ്ബുകളില്‍ പങ്കാളിയാകുന്നത്, അധികാര ദുര്‍വിനിയോഗം നടത്തുന്നത് തുടങ്ങിയ കാര്യങ്ങള്‍ പാര്‍ട്ടി സഖാക്കള്‍ ചെയ്യാന്‍ പാടില്ലെന്നാണ് ചൈനീസ് കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവ്.
പാര്‍ട്ടി അംഗങ്ങള്‍ സ്വകാര്യ-പൊതു താല്‍പ്പര്യങ്ങളെ വെവ്വേറെ കാണണം. നിസ്വാര്‍ത്ഥരായിരിക്കണം. പാര്‍ട്ടിയംഗങ്ങള്‍ ലാളിത്യം മാതൃകയാക്കിയവരും അമിതവ്യയം ഒഴിവാക്കണമെന്നും കീഴ്‌വഴക്കത്തില്‍ പറയുന്നു. ഗോള്‍ഫ്, ജിം, ക്‌ളബ്ബുകള്‍ക്ക് പുറമെ വിവിധ കണ്‍സ്യുമര്‍ കാര്‍ഡുകള്‍ കൈകാര്യം ചെയ്യല്‍ സ്വകാര്യ ക്‌ളബ്ബുകളില്‍ പ്രവേശിക്കല്‍ എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ട്.
നിയമലംഘനത്തിന് ആരെങ്കിലും പിടിക്കപ്പെട്ടാല്‍ അവരെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കുമെന്ന് മുന്നറിയിപ്പും തങ്ങളുടെ പാര്‍ട്ടി കൊണ്ടുവന്നിരിക്കുന്ന നിരോധനങ്ങള്‍ വന്‍കിട ബിസിനസുകള്‍ക്കാണ് തിരിച്ചടിയായിരിക്കുന്നത്. റസ്‌റ്റോറന്റുകള്‍, ആഡംബര വസ്‌തുക്കളുടെ വില്‍പ്പന എന്നിവയ്‌ക്കെല്ലാം തിരിച്ചടിയായിരിക്കുകയാണ്.