ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിന് തിരിച്ചടി ; ഇംപീച്ച്മെന്റ് പ്രമേയം പാര്‍ലമെന്റിന്റെ അധോസഭ അംഗീകരിച്ചു
തിങ്കള്‍, 18 ഏപ്രില്‍ 2016 (09:26 IST)
ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിന്റെ ഇംപീച്ച്മെന്റ് പ്രമേയം പാര്‍ലമെന്റിന്റെ അധോസഭ അംഗീകരിച്ചു. 513 അംഗങ്ങള്‍ ഉള്ള സഭയില്‍ 342 പേരാണ് ഇംപീച്ച്മെന്റ് പ്രമേയത്തെ അംഗീകരിച്ച് വോട്ട് ചെയ്തത്. ബ്രസീലിയന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണ്ടാണ് ഇപ്പോള്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ പാര്‍ലമെന്റില്‍ നടക്കുന്നത്.
ഇംപീച്ചമെന്റ് നടപടികള്‍ പാര്‍ലമെന്റില്‍ പുരോഗമിച്ചുകൊണ്ടിരിക്കെ പ്രസിഡന്റിനെതിരെ വാര്‍ത്തകളുമായി രാജ്യത്തെ മാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്. പ്രസിഡന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്ന പടുകൂറ്റന്‍ റാലികള്‍ പാര്‍ലമെന്റിലെ ഇംപീച്ച്മെന്റ് ചര്‍ച്ചകളുടെ പ്രതിധ്വനികള്‍ തെരുവിലേക്കെത്തുന്നതിന്റെ സൂചനയാണ് നല്‍കുന്നത്‍.
ഇംപീച്ച്മെന്റ് നടപടികള്‍ സെനറ്റിലും കേവല ഭൂരിപക്ഷത്തോടെ പാസ്സാവുമെന്നാണ് രാജ്യത്തെ മാധ്യമ നിരീക്ഷകര്‍ വിലയിരുത്തുന്നത്‍.