നൈജീരിയയില്‍ വീണ്ടും ബോക്കോഹറാം ആക്രമണം: 45 പേര്‍ മരിച്ചു

വെള്ളി, 21 നവം‌ബര്‍ 2014 (12:21 IST)
വടക്ക് കിഴക്കന്‍ നൈജീരിയയില്‍ ആക്രമണത്തില്‍ 45 പേര്‍ മരിച്ചു. ആക്രമണത്തിന് പിന്നില്‍ ബോക്കോഹറാമാണെന്ന് അധികൃതരും ദൃക്സാക്ഷികളും പറഞ്ഞു. ബോര്‍ണോ സംസ്ഥാനത്തിലെ മഫാ പ്രവിശ്യയിലുള്ള അസായ കുറയിലാണ് ആക്രമണം.
 
ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്നും 45 മൃതദേഹങ്ങള്‍ ലഭിച്ചതായി ഗ്രാമ തലവന്‍ മല്ലം ബുലാമ പറഞ്ഞു. എന്നാല്‍ മരണ സംഖ്യ ഇനിയും കൂടിയേക്കും. ഗ്രാമവാസികള്‍ ജോലിക്ക് പോയ സമയത്ത് മോട്ടോര്‍ ബൈക്കുകളില്‍ ഗ്രാമത്തിലെത്തിയ ആയുധധാരികളായ തീവ്രവാദികള്‍ ആക്രമം അഴിച്ചു വിടുകയായിരുന്നു. ഗ്രാമത്തിലെ പകുതിയോളം വീടുകളും ഇവര്‍ നശിപ്പിക്കുകയും അന്‍പതിലധികം മോട്ടോര്‍ സൈക്കിളുകളും, നാല് കാറുകളും കത്തിക്കുകയും ചെയ്തു. ഗ്രാമവാസികളുടെ ഭക്ഷണസാധനങ്ങളും കന്നുകാലികളെയും അവര്‍ കവര്‍ന്നു.
 
അന്‍പതോളം പേര്‍ക്ക് മുറിവേറ്റതായി സംശയിക്കുന്നു. തീവ്രവാദികള്‍ രണ്ട് ഡസനിലധികം വടക്ക് കിഴക്കന്‍ പട്ടണങ്ങള്‍ കൂടി പിടിച്ചെടുത്തെന്നും അവിടെയുള്ളവര്‍ രക്ഷപെടാതിരിക്കാന്‍ വഴി അടച്ചിരിക്കുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു. ആക്രമത്തില്‍ രക്ഷപെട്ടവരെല്ലാം തങ്ങളുടെ കാണാതായ ബന്ധുക്കളെ കണ്ടെത്താനും മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കാനുമുള്ള ശ്രമത്തിലാണെന്ന് ഗ്രാമത്തിലുള്ളവര്‍ പറഞ്ഞു.
 
മഫയും സമീപ പ്രദേശങ്ങളും ബോക്കോ ഹറം തീവ്രവാദികളുടെ നിരന്തരമായ ആക്രമണമുണ്ടാകുന്ന സ്ഥലങ്ങളാണ്. ഒക്ടോബര്‍ 26ന് തീവ്രവാദികള്‍ മുപ്പത് കുട്ടികളെ തട്ടിക്കൊണ്ടു പോയിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക