ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി; 400ഓളം പേര്‍ മരിച്ചതായി സൂചന

ബുധന്‍, 15 ഏപ്രില്‍ 2015 (13:21 IST)
ലിബിയയില്‍നിന്ന് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവരുടെ കപ്പല്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 400പേരോളം മരിച്ചതായി സൂചന. ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേയ്ക്കു കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. 400 പേരോളം മരിച്ചതായാണു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന്. 150 ഓളം ആളുകളെ ഇറ്റാലിയന്‍ നാവികസേന രക്ഷപെടുത്തിയതായും വിവരങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

ചൊവ്വാഴ്ച രാത്രി പുറപ്പെട്ട ബോട്ട്‌ ബുധനാഴ്ച പുലര്‍ച്ചയൊണ് അപകടത്തില്‍പ്പെട്ടത്. 550ലധികം ആളുകളുമായായിരുന്നു ബോട്ട് ലിബിയയില്‍ നിന്നും പുറപ്പെട്ടത്. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല. യുവാക്കളും കുട്ടികളുമാണ് രക്ഷപെട്ടവരില്‍ ഏറെയും. കലാവസ്ഥ മെച്ചപ്പെട്ടതോടെ ലിബിയ അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അനധികൃത കടന്നുകയറ്റം വര്‍ധിച്ചിട്ടുണ്ട്. കുടിയേറ്റ ശ്രമത്തിനിടെ അപകടത്തില്‍പ്പെട്ട 7000 ത്തോളം പേരെയാണ് വിവിധ രാജ്യങ്ങളുടെ നാവികസേനകള്‍ രക്ഷപെടുത്തിയത്. കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ചാണ് ഇറ്റാലിയന്‍ തീരസംരക്ഷണസേന രക്ഷാപ്രവര്‍ത്തനം നടത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക