ബാങ്കോക്ക് സ്‌ഫോടനത്തില്‍ നിന്ന് ജെനീലിയ രക്ഷപ്പെട്ടത് ഭാഗ്യത്തിന്

ചൊവ്വ, 18 ഓഗസ്റ്റ് 2015 (13:32 IST)
ബാങ്കോക്കില്‍ ഒരു ക്ഷേത്രത്തിന് സമീപത്തുണ്ടായ വന്‍ സ്‌ഫോടനത്തില്‍ നിന്ന് ബോളിവുഡ് നടി ജെനീലിയ ഡിസൂസ അത്ഭുതകരമായി രക്ഷപ്പെട്ടു. ജെനീലിയയും ഭര്‍ത്താവ് റിതേഷ് ദേശ്‍മുഖും താമസിച്ചിരുന്ന മാളിന് സമീപമാണ് 22 പേര്‍ കൊല്ലപ്പെടുകയും 122 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌ത സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് ശേഷം തങ്ങള്‍ സുരക്ഷിതരായിരിക്കുന്നതായി ജെനീലിയയും റിതേഷ് ദേശ്‍മുഖും ട്വീറ്റ് ചെയ്തു.

ബാങ്കോക്കിലുള്ള ഹിന്ദു ക്ഷേത്രത്തിനു സമീപമായിരുന്നു ശക്തമായ ബോംബ് സ്ഫോടനം ഉണ്ടായത്. ഈ സമയം സ്‌ഫോടനം നടക്കുന്ന മാളിന് എതിര്‍വശത്തായിരുന്നു തങ്ങള്‍. വളരെ ഭീകരമായ അന്തരീക്ഷമായിരുന്നു, അപകട സൈറണ്‍ വിളികള്‍ എങ്ങും കേള്‍ക്കാമായിരുന്നുവെന്നും ജെനീലിയ ട്വീറ്റ് ചെയ്തു. എല്ലാവരുടെയും പ്രാര്‍ത്ഥനക്കും അന്വേഷണത്തിനും റിതേഷ് ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തി. സ്ഫോടനത്തിന്റെ സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ റിതേഷ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മധ്യ ബാങ്കോക്കിലെ എരവാന്‍ ഹിന്ദു ക്ഷേത്രത്തിന് സമീപത്താണ് സ്ഫോടനമുണ്ടായത്. ബ്രഹ്മാവിന്റെ ക്ഷേത്രമാണ് എരവാനിലേത്. മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. പ്രാദേശിക സമയം വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. വിദേശികളെ ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടത്തിയതെന്ന് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നത്. ക്ഷേത്രത്തിന് സമീപത്ത് നിന്ന് ലഭിച്ച ഒരു ബോംബ് പൊലീസ് നിര്‍വീര്യമാക്കി. പരുക്കേറ്റവരില്‍ ഭുരിഭാഗവും ടൂറിസ്റ്റുകളായിരുന്നു.

വെബ്ദുനിയ വായിക്കുക