റഷ്യന്‍ ബഹിരാകാശ പേടകം ഭൂമിയിലേക്ക് പതിക്കുന്നു, എവിടെ വീഴുമെന്ന് ഒരുറപ്പുമില്ല

വ്യാഴം, 30 ഏപ്രില്‍ 2015 (14:11 IST)
കഴിഞ്ഞ ദിവസം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു സാധനങ്ങളുമായി പുറപ്പെട്ട റഷ്യന്‍ ബഹിരാകാശ പേടകം നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന എം27എം കാര്‍ഗോ എയര്‍ക്രാഫ്റ്റാണ് നിയന്ത്രണം വിട്ട് വന്നുകൊണ്ടിരിക്കുന്നതെന്ന് റഷ്യന്‍ സ്‌പേസ് ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് എവിടെ വീഴുമെന്നോ എപ്പോഴാണ് ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതെന്നോ പറയാന്‍ സാധിക്കില്ലെന്നാണ് റഷ്യം ബഹിരാകാശ ഏജന്‍സി ആര്‍എഫ്എസ്എ അറിയിച്ചിരിക്കുന്നത്.

ഏപ്രില്‍ 30ന് അന്താരാഷ്ട്രബഹിരാകാശ നിലയത്തിലെത്തുന്ന വിധം വിക്ഷേപിച്ചതായിരുന്നു ഈ ബഹിരാകാശ പേടകം.  സ്‌പേസ്‌ ക്രാഫ്‌റ്റുമായി ചൊവ്വാഴ്‌ചയാണ്‌ സോയൂസ്‌ റോക്കറ്റ്‌ ബഹിരാകാശ നിലയത്തിലേക്കു തിരിച്ചത്‌. പക്ഷേ പേടകവുമായുള്ള ആശയവിനിമയം ഉടന്‍ നഷ്‌ടപ്പെടുകയായിരുന്നു. നിയന്ത്രണം വീണ്ടെടുക്കാന്‍ തീവ്രശ്രമം നടത്തികൊണ്ടിരിക്കുകയാണ്. എന്നാല്‍ യാതൊരു വിധ പ്രതികരണവും ലഭിക്കുന്നില്ലെന്നതാണ് സത്യം. ബഹിരാകാശ പേടകത്തില്‍ ദിശയേയോ പ്രവര്‍ത്തനങ്ങളെയോ ബന്ധപ്പെട്ടവര്‍ക്ക്‌ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നത്‌.

അതുകൊണ്ടുതന്നെ പേടകം എപ്പോള്‍ ഭൂമിയില്‍ പതിക്കുമെന്നതു കണ്ടെത്താന്‍ കൃത്യമായി സാധിക്കുന്നില്ല. 2.5 ടണ്‍ ഭാരം വരുന്ന പേടകത്തില്‍ ബഹിരാകാശ നിലയത്തിലേക്കുള്ള സാധനങ്ങളാണുള്ളത്‌. പേടകം എവിടെ പതിക്കുമെന്നോ പതിച്ചു കഴിഞ്ഞാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചോ ശാസ്‌ത്രജ്‌ഞര്‍ക്കു കൃത്യമായ പ്രവചനം നടത്താന്‍ കഴിയാത്തത്‌ വലിയ ആശങ്കയ്‌ക്കു വഴിവച്ചിട്ടുണ്ട്‌. ഇതിനു മുമ്പും റഷ്യന്‍ ബഹിരാകാശ പേടകങ്ങള്‍ പണിമുടക്കിയിട്ടുണ്ട്. 2011ല്‍ ഫോബോസ് ഗ്രൗണ്ട് ക്രാഫ്റ്റ് എന്ന ഉപഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തില്‍ കുടുങ്ങിയത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക