അനോണിമസ് യുദ്ധം ആരംഭിച്ചു!

തിങ്കള്‍, 12 ജനുവരി 2015 (14:20 IST)
ലോകത്തെമ്പാടുമുള്ള തീവ്രവാദികള്‍ക്കുനേരെ സന്ധിയില്ലാ സൈബര്‍ യുദ്ധം പ്രഖ്യാപിച്ച സ്വതന്ത്ര ഹാക്കുംഗ് ഗ്രൂപ്പായ അനോണിമസ് തങ്ങളുടെ ആക്രമണം ആരംഭിച്ചു. ഫ്രഞ്ച് മാഗസിനായ ചാര്‍കി ഹെബ്ദോയില്‍ നടന്ന ഭീകരാക്രമനത്തിനു ശേഷമാണ് ഭീകര സംഘടനകള്‍ക്ക് നേരെ അനോണിമസ് സൈബര്‍ യുദ്ധം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഫ്രാന്‍സിലെ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ വെബ്‌സൈറ്റായ Ansaralhaqq.net എന്ന വെബ്‌സൈറ്റിനു നേരെയാണ് അനോണിമസ് ആക്രമണം അഴിച്ചുവിട്ടത്.
 
ഹാക്ക് ചെയ്യപ്പെട്ടതോടെ മണിക്കൂറുകളോളം ഈ സൈറ്റ് നിശ്ചലമായി.  @OpCharlieHebdo എന്ന കോഡ് നാമത്തിലായിരുന്നു ആക്രമണം. വെബ്‌സൈറ്റില്‍ അനിയന്ത്രിത ട്രാഫിക്ക് കൊണ്ടുവന്ന് സൈറ്റിനെ മന്ദീഭവിപ്പിക്കുന്നതാണ് അനോണിമസിന്റെ പ്രവര്‍ത്തനം. അല്‍ ഖ്വയ്ദ, ഇസ്ലാമിക് സ്‌റ്റേറ്റ് തുടങ്ങിയ ഭീകര വാദി സംഘടനകളുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയാ പ്രൊഫൈലുകളും വെബ് സൈറ്റുകളും തകര്‍ക്കുമെന്നാണ് അനോണിമസിന്റെ ഭീഷണി. 
 
കൃത്യമായ രൂപ ഘടനയില്ലാത്ത, സ്വതന്ത്ര ലോകത്തിനു വേണ്ടി വാദിക്കുന്ന ഹാക്കര്‍മാരുടെ കൂട്ടായ്മയാണ് അനോണിമസ്. ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് എത്തിക്കല്‍ ഹാക്കിംഗിലൂടെ ലോകത്ത് പലവിഷയങ്ങളിലും അനോണിമസ് പ്രതികരിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ പാലസ്തീന്‍ അധിനിവേശകാലത്ത് ഇസ്രയേല്‍ സൈറ്റുകളെ ആക്രമിച്ച് അനോണിമസ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക