നീളന്‍ മുടിക്കാരികളുടെ ഗ്രാമം, കാര്‍കൂന്തലിന്റെ രഹസ്യമറിയാം

Webdunia
വ്യാഴം, 4 ഓഗസ്റ്റ് 2016 (15:08 IST)
എവിടെ തിരിഞ്ഞ് നോക്കിയാലും നീണ്ട മുടിക്കാരികളെ മാത്രം കാണുന്നൊരു ഗ്രാമമുണ്ട്. ഇന്ത്യയിലല്ല, അങ്ങ് ചൈനയിലെ ഹുവാങ്‌ഗ്ലോ ഗ്രാമമാണ് നീളന്‍ മുടിയുടെ ഗ്രാമമെന്ന് ഗിന്നസ് ലോക റെക്കോര്‍ഡ് വരെ സ്വന്തമാക്കിയിട്ടുള്ളത്. യാവോ ഗോത്ര വര്‍ഗത്തില്‍പെട്ട ഇവിടുത്തെ സ്ത്രീകള്‍ക്ക് മുടി വിശുദ്ധ വസ്തുവാണ്. ഐശ്വര്യത്തിന്റെ പ്രതീകമായി 2.1 മീറ്ററോളം നീളത്തിലാണ് ഇവിടത്തെ സ്ത്രീകള്‍ മുടി നീട്ടി വളര്‍ത്തുന്നത്. കറുത്ത് നീണ്ട മുടി പ്രായമായാല്‍ പോലും നരയ്ക്കാറുമില്ല.  
 
കൃത്രിമ കേശ വര്‍ദ്ധക വസ്തുക്കളൊന്നും മുടിയ്ക്ക് ഉപയോഗിക്കില്ല. ദിവസവും കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുകയും ചെയ്യുന്നു. മുന്‍കാലങ്ങളില്‍ ഇവരുടെ മുടിയില്‍ നോക്കാന്‍ ഭര്‍ത്താവിനും മക്കള്‍ക്കുമല്ലാതെ മറ്റാര്‍ക്കും അനുവാദം ഉണ്ടായിരുന്നില്ല. അന്യര്‍ കണ്ടുപോയാല്‍ അവര്‍ ആ യുവതിയുടെ വീട്ടില്‍ മരുമകനായി മൂന്ന് വര്‍ഷം കഴിയേണ്ടി വരും. എന്നാല്‍ ഇതൊന്നും ഇപ്പോള്‍ ഇവര്‍ ആചരിക്കാറില്ല. 
 
മുടി നീട്ടി വളര്‍ത്തുന്ന സ്ത്രീകള്‍ അത് ഗ്രാമത്തിന്റെ ടൂറിസത്തിനായി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. വിനോദ സഞ്ചാരികള്‍ക്ക് മുമ്പില്‍ മുടി നീട്ടി ആടിപ്പാടി പ്രതിമാസം 20,000 ത്തില്‍ അധികം രൂപയാണ് ഇവര്‍ സമ്പാദിക്കുന്നത്. 82 വീടുകളിലായി 400 പേരാണ് ഈ ഗ്രാമത്തിലുള്ളത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇവരിടുത്തെ സ്ത്രീകള്‍ മുടി വെട്ടുന്നത്. അവരുടെ പതിനെട്ടാം വയസ്സില്‍. വെട്ടുന്ന മുടി തങ്ങളുടെ മുത്തശ്ശിമാര്‍ക്ക് നല്‍കുകയും അവര്‍ അത് തലപ്പാവായി മാറ്റുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ വെട്ടുന്ന മുടി യുവതികള്‍ വിവാഹം വരെ സൂക്ഷിച്ച് വയ്ക്കുകയും വിവാഹ ശേഷം വരന് സമ്മാനിക്കുകയും ചെയ്യുന്നു. 
 
ഇത് പിന്നീട് മുടിക്കെട്ടിനായി ഉപയോഗിക്കുന്നു. മൂന്ന് രീതിയിലാണ് ഇവിടുത്തെ സ്ത്രീകള്‍ മുടി കെട്ടുന്നത്. വിവാഹിതരായവര്‍ മുടി തലയ്ക്ക് മുകളില്‍ വൃത്താകൃതിയില്‍ കെട്ടിവയ്ക്കും. ഇവര്‍ക്ക് കുട്ടികളായിട്ടില്ലെന്നും അര്‍ത്ഥം. വിവാഹിതരായി കുട്ടികളുള്ളവര്‍ മുടി മുന്നിലേക്ക് ബണ്‍ ആക്കി കെട്ടിവെക്കുന്നു. മുടി തുണി ഉപയോഗിച്ച് മറച്ച് കെട്ടിയവര്‍ വിവാഹപ്രായമെത്തിയവരാണന്നെും വരനെ തേടുന്നുണ്ടെന്നുമാണ് അര്‍ത്ഥം.  
 
Next Article