ഫെഡ് റിസര്‍വിന്റെ നയരൂപവത്കരണ സംവിധാനമായ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ യോഗമാണ് നിരക്കുയര്‍ത്താന്‍ തീരുമാനിച്ചത്. കമ്മിറ്റിയിലെ 10 അഗങ്ങളില്‍ എല്ലാവരും പലിശനിരക്ക് ഉയര്‍ത്തുന്നതിനെ പിന്തുണച്ചു. യുഎസിലെ ഏറ്റവും നിര്‍ണായകമായ ഫെഡറല്‍ ഫണ്ട് റേറ്റ് ഇന്ത്യയിലെ റീപോ നിരക്കിനു സമാനമാണ്. ബാങ്കുകള്‍ക്കുള്ള ഹ്രസ്വകാല സാമ്പത്തിക സഹായത്തിന്റെ നിരക്കാണിത്. നിരക്കുവര്‍ധന സൂചന രണ്ടുകൊല്ലം മുമ്പ് അമേരിക്ക നല്‍കിയിരുന്നു. എന്നാല്‍, യുഎസ് സമ്പദ്‌വ്യവസ്ഥയുടെ മരവിപ്പുകാരണം തീരുമാനം നീട്ടിവെക്കുകയായിരുന്നു.
പലിശനിരക്ക് ഉയര്‍ത്തിയത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഓഹരി വിപണിക്കായിരിക്കും ഏറ്റവുംവലിയ തിരിച്ചടിയുണ്ടാവുക. രൂപയുടെ മൂല്യം, ഡീസല്‍, പെട്രോള്‍, സ്വര്‍ണം എന്നിവയുടെ വില, ഓഹരി വിപണി എന്നിവയെ തീരുമാനം സ്വാധീനിക്കും. ഇന്ത്യയില്‍നിന്ന് വിദേശനിക്ഷേപം ക്രമേണ പുറത്തേക്കൊഴുകാനുള്ള സാധ്യത ഏറെയാണ്. രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്. പലിശനിരക്ക് ഉയര്‍ത്തിയതിലൂടെ ക്രൂഡോയിലിന്റെ വില കുറയാന്‍ ഇടയുണ്ട്. അങ്ങനെവന്നാല്‍, ഡീസലിന്റെയും പെട്രോളിന്റെയും വില കുറയും.