ഇറാഖില്‍ അമേരിക്കയുടെ വ്യോമാക്രമണം

ശനി, 9 ഓഗസ്റ്റ് 2014 (10:49 IST)
ഇറാഖില്‍ അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. ഇറാഖില്‍ അധിനിവേശം അവസാ‍നിച്ച് മൂന്നു‌വര്‍ഷത്തിനുശേഷമാണ് അമേരിക്ക വ്യോമാക്രമണത്തിന് അനുമതി നല്‍കുന്നത്. വടക്കന്‍ ഇറാഖിലെ എര്‍ബിലില്‍ സുന്നി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) കേന്ദ്രങ്ങളെ ലക്‌ഷ്യമാക്കി അമേരിക്ക രണ്ടുതവണ വ്യോമാക്രമണം നടത്തി. വിമതരുടെ ഏഴ് വാഹനങ്ങളും പീരങ്കികളും രണ്ടാമത്തെ വ്യോമാക്രമണത്തില്‍ തകര്‍ത്തു.
 
എഫ് എ 18 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആദ്യ ആക്രമണം. രണ്ടാമത്തെ വ്യോമാക്രമണത്തിന് യുദ്ധവിമാനങ്ങള്‍ക്കൊപ്പം പൈലറ്റില്ലാ വിമാനങ്ങളും ഉപയോഗിച്ചു. എര്‍ബിലിന് സമീപം കുടുങ്ങിക്കിടക്കുന്ന യാസിദി വിഭാഗക്കാര്‍ക്ക് അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ ഭക്ഷണവും വെള്ളവും എത്തിച്ചതിത് തൊട്ടുപിന്നാലെ ആയിരുന്നു വ്യോമാക്രമണം. 
 
ലേസര്‍ നിയന്ത്രിത ബോംബുകളാണ് വ്യോമാക്രമണത്തിന് ഉപയോഗിച്ചത്. ഇറാഖ് സര്‍ക്കാരിനെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ഐഎസ്ഐഎസ് വിമതരെ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയതെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
 
ഇറാഖിലെ കുര്‍ദ് സ്വയംഭരണപ്രദേശത്തേക്കുള്ള ഐഎസ് വിമതരുടെ മുന്നേറ്റം തടയാനും ക്രിസ്ത്യന്‍, യസിദി ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണം പ്രതിരോധിക്കാനും നിയന്ത്രിത വ്യോമാക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യാഴാഴ്ചയാണ് അനുമതി നല്‍കിയത്.

വെബ്ദുനിയ വായിക്കുക