പാര്‍ട്ടിയിലെ ഭിന്നത; ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് രാജിവെച്ചു

വെള്ളി, 21 ഓഗസ്റ്റ് 2015 (08:35 IST)
രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് ഗ്രീസ് പ്രധാനമന്ത്രി അലക്‌സി സിപ്രസ് രാജിവെച്ചു. യൂറോപ്യന്‍യൂണിയന്റെ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലുണ്ടായ ഭിന്നതയെത്തുടര്‍ന്നാണ് രാജി. വ്യാഴാഴ്ച രാത്രിയാണ് സിപ്രാസ് പ്രസിഡന്റ് പ്രോകോപിസ് പാവ്‌ലോ പൗലോസിന് രാജി സമർപ്പിച്ചത്. രാജിയോടെ സെപ്തംബർ 20ന് അടുത്ത തെരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞു.

കടക്കെണിയിൽനിന്നു കരകേറ്റാൻ യൂറോപ്യൻ യൂണിയൻ മുന്നോട്ടുവച്ച കർശന ഉപാധികളോടെയുള്ള സാമ്പത്തികപരിഷ്കരണ പദ്ധതി ഗ്രീസ് പാർലമെന്റ് പാസാക്കിയിരുന്നു. ഇതേ തുടര്‍ന്ന് കടാശ്വാസ പദ്ധതിയിലെ വ്യവസ്ഥകൾ സംബന്ധിച്ച് സിരിസാ പാർട്ടിക്കുള്ളിൽ ഭിന്നത ഉടലെടുക്കുകയും ചെയ്‌തു. പദ്ധതിക്കെതിരായ ഭരണകക്ഷിയിലെ ഭിന്നതകൾ രൂക്ഷമായിരുന്നു. ഇതിനെ തുടർന്നാണ് സിപ്രസ് രാജി എന്നാണ് സൂചന. അഞ്ചുവർഷത്തിനിടെ മൂന്നാംവട്ടമാണു കടാശ്വാസം തേടി ഗ്രീസ് പാർലമെന്റ് യൂറോപ്യൻ യൂണിയൻ വ്യവസ്ഥകൾക്കു വഴങ്ങിയത്.

ജനവിധി നഷ്ടമായതിനാല്‍ ആണ് രാജിയെന്ന് സിപ്രസ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍മന്ത്രിസഭക്ക് തുടരാനാവില്ലെന്ന ബോധ്യമായതിനാലാണ് രാജിയെന്നും പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി. പുരോഗമന ഇടതുപക്ഷ സഖ്യമായ സിരിസയുടെ നേതാവ് അലക്‌സിസ് സിപ്രസ് ജനുവരിയിലാണ് പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തിയത്.

വെബ്ദുനിയ വായിക്കുക