അഫ്‌ഗാനിസ്ഥാന്‍ തങ്ങളുടെ വനിത ഫുട്‌ബോള്‍ ടീമിന് പുതിയ ജഴ്സി നല്കി. പതിവ് ടീ ഷര്‍ട്ടിന് പുറമേ ഇത്തവണ തല കൂടി മറയ്ക്കുന്ന രീതിയിലുള്ള ജഴ്സിയാണ് ടീമിനായി തയ്യാറാക്കിയിരിക്കുന്നത്. ഇത്രയും കാലം തലയില്‍ സ്കാര്‍ഫ് ധരിച്ച് ആയിരുന്നു അഫ്ഗാനിലെ വനിതകള്‍ ഫുട്‌ബോള്‍ കളിച്ചിരുന്നത്. എന്നാല്‍, സ്കാര്‍ഫ് ധരിക്കുന്നത് പലപ്പോഴും കളിയില്‍ തടസ്സമാകുമായിരുന്നു. ഈ സാഹചര്യത്തിലാണ് തല മറയ്ക്കുന്ന രീതിയിലുള്ള ടീ ഷര്‍ട്ട് വനിതകള്‍ക്കായി ഒരുക്കിയത്.
ഡാനിഷ് വസ്ത്രനിര്‍മ്മാണ കമ്പനിയായ ഹമ്മലാണ് ഇവര്‍ക്കുള്ള വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡെന്‍മാര്‍ക്, ലിത്വാനിയ തുടങ്ങിയ ദേശീയ ടീമുകള്‍ക്കും ഇവര്‍ വസ്ത്രം ഡിസൈന്‍ ചെയ്‌തിട്ടുണ്ട്. അഫ്ഗാനിലെ വനിതകളെ സംബന്ധിച്ചിടത്തോളം ഫുട്ബോള്‍ വളരെ അപകടം നിറഞ്ഞതാണ്.അതുകൊണ്ടുതന്നെ ടീമിലെ ഒട്ടുമിക്ക കളിക്കാരും യൂറോപ്പിലാണ് താമസിക്കുന്നത്.