ഷൂട്ടിങ്ങിലും ഇന്ത്യക്ക് വൻ തിരിച്ചടി. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു അഭിനവ് ബിന്ദ്ര. എന്നാൽ, പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ ബെയ്ജിങ് ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ഫൈനലില്‍ തോറ്റപ്പോള്‍ ഇല്ലാതായത് ആ പ്രതീക്ഷയായിരുന്നു. നേരിയ വ്യത്യാസത്തിലാണ് അഭിനവിന് വെങ്കലം നഷ്ടമായത്.
അവസാന റൗണ്ടില്‍ നാല് പേരായി ചുരുങ്ങിയ മത്സരത്തില്‍ അവസാന ഷൂട്ടില്‍ .5 പോയിന്റിന്റെ വ്യത്യാസത്തിലാണ് ബിന്ദ്രയ്ക്ക് വെങ്കലമെഡല്‍ നഷ്ടമായത്. രണ്ടാം ഘട്ടത്തില്‍ ഏഴാം റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ ബിന്ദ്ര മത്സരത്തില്‍ നിന്ന് പുറത്തായിക്കഴിഞ്ഞിരുന്നു. അവസാന ഷൂട്ടില്‍ റഷ്യന്‍ താരം 10.5 പോയന്റ് നേടിയപ്പോള്‍ ബിന്ദ്രയ്ക്ക് 10 പോയിന്റുമായി തൃപ്തിപ്പെടേണ്ടി വന്നു.
163.8 പോയിന്റാണ് ഫൈനലില്‍ ബിന്ദ്രയുടെ സമ്പാദ്യം. ഇന്ത്യ മെഡല്‍ ഉറപ്പിച്ചിരുന്ന മത്സരയിനമായിരുന്നു 10 മീറ്റര്‍ എയര്‍റൈഫിള്‍. ഇതു കൂടി നഷ്ടമായതോടെ മെഡൽ എന്ന സ്വപ്നം ഇല്ലാതായിരിക്കുകയാണ്. ഷൂട്ടിംഗില്‍ ഇന്ത്യയുടെ തന്നെ ഗഗന്‍ നാരംഗ് ഫൈനല്‍ കാണാതെയാണ് പുറത്തായത്.
വ്യക്തിഗത ഇനത്തില്‍ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ ഒരേയൊരു ഇന്ത്യന്‍ താരമാണ് അഭിനവ് ബിന്ദ്ര. ഒരിക്കല്‍ക്കൂടി ബിന്ദ്രയ്ക്ക് സ്വര്‍ണം നേടാനായാല്‍ മറ്റൊരു ചരിത്രത്തിനു വഴിവെക്കുമായിരുന്നു. ഒളിംപിക്‌സ് ചരിത്രത്തില്‍ ഒരു ഷൂട്ടറും രണ്ടാംതവണ സ്വര്‍ണം നേടിയിട്ടില്ല. അതു തിരുത്തി കരിയറില്‍ നിന്നു വിരമിക്കമെന്ന മോഹത്തോടെയായിരുന്നു ബിന്ദ്ര കളത്തിലിറങ്ങിയത്. പക്ഷേ ഭാഗ്യം തുണച്ചില്ല.