ഈ ഇത്തിരിക്കുഞ്ഞന്‍ എലി അല്ലെങ്കില്‍ മൌസ് ഇല്ലാത്തൊരു കമ്പ്യൂട്ടര്‍ നമുക്ക് ഓര്‍ക്കാന്‍ പറ്റില്ല. കാരണം ഇവനുമായി നമ്മള്‍ അത്രയേറെ ഇഷ്ടത്തിലാണ്. ഡഗ്ളസ് ഏഞ്ചല്‍ബര്‍ട്ട് കമ്പ്യൂട്ടര്‍ മൌസ് കണ്ടു പിടിച്ചതുമുതല്‍ മനുഷ്യനും കമ്പ്യൂട്ടറും തമ്മിലുള്ള അടുപ്പം കൂടി. എന്നാല്‍ ഒരു ദുഃഖവാര്‍ത്ത, നമ്മുടെ മൌസിന് അന്തകനാവാന്‍ ഒരുത്തന്‍ വരുന്നു. അമേരിക്കയിലെ വ്യോമിംഗ് സര്‍വകലാശാലയിലെ അന്‍ ഗുയെനും അമി ബാനിക്കുമാണ് മൌസിനെ ഒഴിവാക്കന്‍ കഴിവുള്ള ഉപകരണം നിര്‍മിച്ചിരിക്കുന്നത്.
കൈവിരലില്‍ ഉറ പോലെ ധരിക്കാവുന്ന പുതിയ ഉപകരണത്തിന് ത്രിമാന ചലനങ്ങള്‍ മനസിലാക്കാനും അതേരീതിയില്‍ കമ്പ്യൂട്ടറുമായി ആശയവിനിമയം നടത്തുവാനും സാധിക്കും. ഉപകരണത്തില്‍ നേരെത്തെതന്നെ സൂക്ഷിച്ചിട്ടുള്ള ത്രിമാന ചലനങ്ങള്‍ മസിലാക്കിയാണ് കമ്പ്യൂട്ടറുമായി ഇവ ആശയവിനിമയം നടത്തുന്നത്. കമ്പ്യൂട്ടറില്‍ മാത്രമല്ല സ്മാര്‍ട്ട്ഫോണുകള്‍ ടാബ്ലെറ്റുകള്‍ എന്നിവയിലും ഇവ ഉപയോഗിക്കാം.