മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളുടെ വിചാരണ പാകിസ്ഥാന്‍ ഭീകര വിരുദ്ധ കോടതി ജൂലൈ 29 വരെ നിര്‍ത്തിവച്ചു. നമ്പര്‍ - 2 ഭീകര വിരുദ്ധ കോടതി ജഡ്ജി ബാഖിര്‍ റാണയാണ് കേസ് പരിഗണിച്ചത്. കോടതി സ്ഥിതി ചെയ്യുന്ന റാവല്‍പിണ്ടിയിലെ ആദിയാല ജയിലില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
കേസ് അന്വേഷിക്കുന്ന ഫെഡറല്‍ ഇന്‍വെറ്റിഗേഷന്‍ ഏജന്‍സി നേരത്തെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്‍റെ കോപ്പി പ്രതികള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതികളുടെ അഭിഭാഷകന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വിചാരണ നടക്കുന്ന കോടതിയില്‍ പത്രപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കാതിരുന്നതിനാല്‍ കോടതി നടപടികള്‍ സംബന്ധിച്ച കൂട്ടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ലഷ്കര്‍ - ഇ - തൊയ്ബ തലവന്‍ സക്കീവുര്‍ റഹ്‌മാന്‍ ലഖ്‌വിയെ കുടാതെ അബു അല്‍ ക്വാമ, ഷാഹിദ് ജമീല്‍ റിയാസ്, അമീന്‍, സരാര്‍ ഷാ എന്നിവരാണ് കേസിലെ പ്രതികള്‍. കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണ ക്യാമറയില്‍ പകര്‍ത്തണമെന്ന് അന്വേഷണ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ വാദം കേട്ടുകൊണ്ടിരുന്ന നമ്പര്‍ - 2 ഭീകര വിരുദ്ധ കോടതി ജഡ്ജി മുഹമ്മദ് കഹൂതിനെ തത്സ്ഥാനത്തു നിന്ന് മാറ്റിയതിനെ തുടര്‍ന്ന് മെയ് 23നു ശേഷം കേസിന്‍റെ വിചാരണയില്‍ തടസം നേരിട്ടിരുന്നു. ബാഖിര്‍ റാണെയെ ജഡ്ജിയായി നിയമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് വിചാരണ പുനരാരംഭിച്ചത്. മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്കര്‍ - ഇ -തൊയ്ബയാണെന്ന് പാകിസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.