22 വര്‍ഷം മുന്‍പ് ദത്തു നല്‍കിയ മകനെ ഫേസ്ബുക്കിലൂടെ അമ്മ കണ്ടെത്തി

വെള്ളി, 14 ജൂണ്‍ 2013 (14:40 IST)
PRO
PRO
22 വര്‍ഷം മുന്‍പ് ദത്തുകൊടുത്ത മകനെ ഫേസ് ബുക്കിലൂടെ തേടിപിടിച്ചിരിക്കുകയാണ് ഒരമ്മ. ഷെറിന്‍ അല്‍‌വീസ് എന്ന സ്‌ത്രീയാണ് തന്റെ മകനെ കണ്ടെത്തിയത്. ഷെറിന്‍ ഫേസ്ബുക്കില്‍ നല്‍കിയ പോസ്റ്റുകളാണ് അതിനു സഹായകമായത്. ക്ലാര്‍ക്ക് ആല്‍ഡ്രിജ്‌യെന്ന ആ മകന്‍ ഇപ്പോള്‍ ഷെറിയുടെ കൂടെയുണ്ട്.

‘ഞാന്‍ എന്റെ മകനേ തേടുകയാണ്. അവന്‍ ജനിച്ചത് 1991 ജുണ്‍ മൂന്നിനാണ്. ഇപ്പോള്‍ അവന് 22 വയസ്സുണ്ട്. ജനനസമയത്തെ പേര് ജോസഫ് എഡ്വാര്‍ഡെന്നാണ്, 1991-ല്‍ അവനെ ദത്തുനല്‍കുകയായിരുന്നു‘ തുടങ്ങിയ വിവരങ്ങളടങ്ങിയ ബാനര്‍ പിടിച്ച് നില്‍ക്കുന്ന ഷെറിന്റെ ഫോട്ടോയാണ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചത്.

അപരിചിതനായ ഒരു വ്യക്തിയാണ് അമ്മയെയും മകനെയും ഒന്നിപ്പിച്ചത്. ഷെറി റില്ലിയെന്ന ആ അപരിചിതന്‍ ഫേസ്ബുക്കില്‍ അമ്മ നല്‍കിയ വിവരങ്ങള്‍ വച്ച് അന്വേഷണം നടത്തി ക്ലാര്‍ക്കിനെ കണ്ടെത്തുകയായിരുന്നു. അതിനു ശേഷം ക്ലാര്‍ക്കിനെ റില്ലി ഫേസ്ബുക്കിലൂടെ തന്നെയാണ് ബന്ധപ്പെട്ടത്.

വിവരങ്ങള്‍ അറിഞ്ഞ ക്ലാര്‍ക്ക് പെട്ടെന്ന് തന്നെ അമ്മയുമായി ബന്ധപ്പെട്ടു. ടെക്സാസ് സിറ്റിയിലെ ആശുപത്രിയില്‍ ജനിച്ച ക്ലാര്‍ക്കിനു ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അതുകൊണ്ട് ക്ലാര്‍ക്കിനെ ദത്തു കൊടുക്കാന്‍ താന്‍ നിര്‍ബന്ധിതയാകുവായിരുന്നുവെന്നാണ് ഷെറിന്‍ പറയുന്നത്.

മകനില്‍ നിന്നു താന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും 22 വര്‍ഷങ്ങള്‍ക്കു ശേഷം മുതിര്‍ന്ന ഒരു യുവാവായി തന്റെ മുന്‍പില്‍ അവന്‍ വന്നപ്പോള്‍ അതിശയം തോന്നിയെന്നും ഷെറിന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക