ലോകകപ്പ് വേദിക്കായി തങ്ങള്‍ ഒരു കൃത്രിമവും നടത്തിയിട്ടില്ല: റഷ്യ
2018ല്‍ നടക്കുന്ന ലോകകപ്പ് വേദി റഷ്യക്ക് ലഭിക്കുന്നതിനായി ഉന്നത തലത്തില്‍ കൃത്രിമം നടന്നതായുള്ള ആരോപണങ്ങളെ തള്ളി റഷ്യ രംഗത്ത്. ഫിഫയുടെ നിയന്ത്രണങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായാണ് വേദിക്കായി മത്സരിച്ചതെന്ന് റഷ്യയുടെ ലോകകപ്പ് നടത്തിപ്പ് കമ്മറ്റി വ്യക്തമാക്കി.
റഷ്യക്ക് ലോകകപ്പ് വേദി ലഭിക്കുന്നതിനായി രഹസ്യധാരണ ഉണ്ടാക്കിയിരുന്നതായി ഫിഫിയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന സെപ് ബ്ലാറ്ററാണ് ആരോപണമുന്നയിച്ചത്. തുടര്‍ന്ന് ആരോപണങ്ങള്‍ ചൂടു പിടിക്കുകയും റഷ്യക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി പല രാജ്യങ്ങളും രംഗത്തെത്തുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് റഷ്യ നയം വ്യക്തമാക്കിയത്.
ലോകകപ്പ് വേദിക്കായുള്ള മത്സരം സുതാര്യമായിരുന്നു. റഷ്യന്‍ സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണയോടെയാണ് വേദിക്കായി മത്സരിച്ചതെന്നും റഷ്യയുടെ ലോകകപ്പ് നടത്തിപ്പ് കമ്മറ്റി വ്യക്തമാക്കി. ആരോപണങ്ങളിലും കേസ് അന്വേഷങ്ങളിലും അകപ്പെട്ട ബ്ലാറ്ററുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് റഷ്യന്‍ സ്‌പോര്‍ട്‌സ് മന്ത്രി വിറ്റാലി മുത്‌ക്കോയും പറഞ്ഞു.