‘സാര്‍ക്’ ഉച്ചകോടി ഇന്ന് അവസാനിക്കും

വ്യാഴം, 29 ഏപ്രില്‍ 2010 (10:34 IST)
പതിനാറാമത് സാര്‍ക് ഉച്ചകോടി ഇന്ന് അവസാനിക്കും. ഭൂട്ടാന്‍റെ തലസ്ഥാനമായ തിംഫുവില്‍ ആണ് രണ്ടു ദിവസം നീണ്ടുനിന്ന ഉച്ചകോടി. ഹരിതാഭവും സന്തുഷ്ടവുമായ ദക്ഷിണേഷ്യ എന്നതായിരുന്നു ഇത്തവണത്തെ ഉച്ചകോടിയുടെ മുദ്രാവാക്യം. കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ഭീകരതയുടെയും ഭീഷണികള്‍ കൂട്ടായി നേരിടുമെന്ന്‌ രാഷ്ട്രത്തലവന്‍മാര്‍ പ്രതിജ്ഞ ചെയ്‌തു.

അതേസമയം, ഉച്ചകോടിക്കിടെ ഇന്ന് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗ് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഈജിപ്തിലെ ശറമുശൈഖിലാണ് ഇരുവരും അവസാനമായി ചര്‍ച്ച നടത്തിയത്. പിന്നീട് ഈമാസം ആദ്യം വാഷിംഗ്ടണില്‍ ആണവ സുരക്ഷാ ഉച്ചകോടിക്കിടെ കണ്ടുമുട്ടിയെങ്കിലും ഹസ്തദാനത്തില്‍ ഒതുങ്ങുകയായിരുന്നു.

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങണമെങ്കില്‍ മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പാകിസ്താന്‍ നടപടി സ്വീകരിക്കണമെന്ന് നേരത്തെ പ്രധനമന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം, ഹാഫിസ്‌ സയിദിനെ അറസ്റ്റ്‌ ചെയ്‌തതാണെന്നും അദ്ദേഹത്തിനെതിരെ മതിയായ തെളിവുകളില്ലെന്നു കോടതി തന്നെ ചൂണ്ടിക്കാട്ടിയെന്നും പാക്ക്‌ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ്‌ ഖുറേഷി വ്യക്‌തമാക്കി.

വെബ്ദുനിയ വായിക്കുക