‘പെണ്‍കുട്ടി‘യെ രക്ഷിക്കാന്‍ എത്തിയവര്‍ കണ്ടത് പെണ്‍പട്ടിയെ!

തിങ്കള്‍, 23 ജനുവരി 2012 (10:52 IST)
ഒരു ‘പെണ്‍കുട്ടി‘ക്ക് അടിയന്തര വൈദ്യസഹായം വേണം എന്ന ഫോണ്‍കോള്‍ ലഭിച്ചതിനേ തുടര്‍ന്നാണ് ബെയ്ജിംഗ് ഫസ്റ്റ്-എയ്ഡ് സ്റ്റേഷന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പുറപ്പെട്ടത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുമായി ഫോണ്‍ കോള്‍ വന്ന വീട്ടില്‍ എത്തിയ ഡോക്ടര്‍മാര്‍ രോഗിയെ കണ്ട് അന്തംവിട്ടു. അസുഖം ബാധിച്ചത് പെണ്‍കുട്ടിയ്ക്കല്ല, പകരം ഒരു പെണ്‍പട്ടിയ്ക്കായിരുന്നു.

ഹൃദ്രോഗം ബാധിച്ച പട്ടി ഗുരുതരാവസ്ഥയിലായിരുന്നു‍. അതിന്റെ ജീവന്‍ രക്ഷിക്കാന്‍ ഉടമ വിളിച്ചത് ഫസ്റ്റ്-എയ്ഡ് കോള്‍ സെന്ററിലേക്ക് ആയിരുന്നു എന്നു മാത്രം. പട്ടിയുടെ അവസ്ഥ കണ്ട് മനംനൊന്ത് അവശനിലയിലായ ഉടമയുടെ ഭാര്യയേയും ഡോക്ടര്‍മാര്‍ക്ക് ആ വീട്ടില്‍ കാണാന്‍ സാധിച്ചു.

ഒടുവില്‍ പട്ടിയെ ഏതെങ്കിലും മൃഗാശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാരുടെ സംഘം മടങ്ങിയത്. മൃഗങ്ങളെ വളര്‍ത്തുന്നവര്‍ മനുഷ്യര്‍ക്കായുള്ള ഫസ്റ്റ്-എയ്ഡ് സര്‍വീസ് ദുരുപയോഗം ചെയ്യുന്നതിനേക്കുറിച്ച് സൈബര്‍ ലോകത്ത് വന്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക