‘നിങ്ങള്‍ ചീത്ത മനുഷ്യനാണെ‘ന്നു പറഞ്ഞ കുട്ടിയെ ഭീകരര്‍ ചോക്ലേറ്റ് നല്‍കി വിട്ടയച്ചു

ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (14:31 IST)
PRO
നാലു വയസുകാരന്‍ കാണിച്ച ധൈര്യം രക്ഷിച്ചത് വെടി കൊണ്ട് മരിക്കാമായിരുന്ന ഒരു കുടുംബത്തെ. കെനിയയിലെ ഷോപ്പിംഗ് മാളില്‍ ശനിയാഴ്ചയുണ്ടായ തീവ്രവാദി ആക്രമണത്തിനിടെയാണ് ഏലിയട്ട് പ്രയോര്‍ എന്ന കുട്ടി തന്റെ ധൈര്യം കൊണ്ട് സഹോദരിയെയും അമ്മയെയും രക്ഷിച്ചത്.

തോക്കുമായി എത്തിയ ഭീകരനോട് ഏലിയട്ട് ധൈര്യപൂര്‍വം ‘യു ആര്‍ എ ബാഡ് മാനെ‘ന്നു പറയുകയായിരുന്നു. ഏലിയട്ടിന്റെ അസാമാന്യ ധൈര്യം കണ്ട് ഭീകരരില്‍ ഒരാള്‍ ചോക്ളേറ്റ് നല്‍കിയ ശേഷം അവരെ പോകാന്‍ അനുവദിക്കുകയായിരുന്നു.

സംഭവം ഇങ്ങനെ: ആക്രമണം നടന്ന വെസ്റ്റഗേറ്റ് ഷോപ്പിംഗ് മാളില്‍ അമ്മയ്ക്കൊപ്പം സാധനം വാങ്ങുന്പോഴാണ് ഭീകരര്‍ തോക്കുകളുമായി മാളിലേക്ക് ഇരച്ചെത്തിയത്. കണ്ണില്‍ കണ്ടവരെയെല്ലാം വെടി വയ്ക്കുന്നതിനിടെ ഏലിയട്ടും കുടുംബവും ഭീകരരില്‍ ഒരാളുടെ കണ്ണില്‍പെട്ടു.

മരണം മുന്നില്‍ കണ്ട് അമ്മയും സഹോദരിയും ഞെട്ടി നില്‍ക്കുന്നതിനിടെ ഏലിയട്ട് ഭീകരനു മുന്നിലെത്തി നിങ്ങളൊരു മോശം മനുഷ്യനാണ് എന്ന് പറയുകയായിരുന്നു. ഭീകരര്‍ കടയിലെ സ്റ്റാന്‍ഡില്‍ വച്ചിരുന്ന ചോക്ളേറ്റെടുത്ത് ഏലിയട്ടിനും സഹോദരിക്കും നല്‍കിയ ശേഷം ഞങ്ങള്‍ ക്രൂരന്മാരല്ല എന്ന് പറഞ്ഞ് അവരെ പോകാന്‍ അനുവദിച്ചു.

ആക്രണമത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹത്തിന് സമീപം ചോക്ളേറ്റുകളുമായി നില്‍ക്കുന്ന ആ കുട്ടികളുടെ ചിത്രം മാദ്ധ്യമങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കുകയും ചെയ്തു. നയ്റോബിയില്‍ സ്ഥിരതാമസക്കാരായ ഏലിയട്ടിന്റെ കുടുംബം മാളിലെ സ്ഥിരം സന്ദര്‍ശകരാണ്.

വെബ്ദുനിയ വായിക്കുക