ഹെഡ്‌ലി ഐ എസ് ഐ ചാരനെന്ന് വെളിപ്പെടുത്തല്‍

ശനി, 1 ജനുവരി 2011 (16:51 IST)
അമേരിക്കയില്‍ പിടിയിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി പാക് ചാരസംഘടനയായ ഐ എസ് ഐയുടെ ചാരനാണെന്ന് വെളിപ്പെടുത്തല്‍. തീവ്രവാദപ്രവര്‍ത്തനത്തിന്‍റെ പേരില്‍ പിടിയിലായ ഹെഡ്‌ലിക്ക് മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഗൂഢാലോചന നടത്തിയതില്‍ ഹെഡ്‌ലിക്ക് പങ്കുണ്ടെന്നും പുതിയ വെളിപ്പെടുത്തലില്‍ ഉണ്ട്.

അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ റൊട്ടെല്ലായുടെ വെബ്‌സൈറ്റായ 'പ്രോ പബ്ലിക്ക ഡോട് ഓര്‍ഗ്' ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഹെഡ്‌ലിയുടെ തീവ്രവാദബന്ധം സംബന്ധിച്ച പല വാര്‍ത്തകളും ഇതിനുമുമ്പും ഈ സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്. പാക് ഭരണകൂടത്തിന് വേണ്ടി ചാരപ്പണി ചെയ്യുകയായിരുന്നു ഹെഡ്‌ലി ഇതുവരെ. മറ്റ് തീവ്രവാദികളേക്കാള്‍ ഇയാള്‍ അതീവ അപകടകാരിയാണെന്നും റിപ്പോര്‍ട്ടില്‍ ഹെഡ്‌ലി പറയുന്നു.

ഇന്ത്യയും അമേരിക്കയും പ്രത്യേകമായി അന്വേഷണം നടത്തുന്ന ഭീകരാക്രമണ കേസിനെ തുടര്‍ന്ന് ജയിലില്‍ കഴിയുകയാണിപ്പോള്‍ ഹെഡ്‌ലി. ഐ എസ് ഐ മേധാവിയായ ലഫ്‌റ്റനന്‍റ് കേണല്‍ അഹമ്മദ് ഷൂജ പാഷയ്ക്ക് മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നും വെളിപ്പെടുത്തലില്‍ പറയുന്നുണ്ട്.

സാഖി-ഉര്‍ റഹ്മാന്‍ ലഖ്‌വിയെ ഹെഡ്‌ലിയും പാഷയും കണ്ടിരുന്നതായും പാക് നാവികസേനയിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മുംബൈ ഭീകരാക്രമണത്തിന് തീവ്രവാദികള്‍ കടല്‍മാര്‍ഗം എത്തിയതെന്നും വെബ്‌സൈറ്റ് പറയുന്നു.

വെബ്ദുനിയ വായിക്കുക