ഹമാസ് റോക്കറ്റാക്രമണം നടത്തി

ഞായര്‍, 18 ജനുവരി 2009 (16:22 IST)
പലസ്തീനില്‍ നിന്ന് ഞായറാഴ്ചയും റോക്കറ്റാക്രമണമുണ്ടായെന്ന് ചാനല്‍ 10 ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച വെളുപ്പിന് ഇസ്രയേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം നടന്ന ആദ്യ ഹമാസ് ആക്രമണമാണിത്.

തെക്കന്‍ ഇസ്രയേലിലേക്ക് പത്തോളം റോക്കറ്റുകള്‍ വിക്ഷേപിച്ചാണ് ഹമാസ് ആക്രമണം നടത്തിയത് എന്ന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ, ഗാസ താഴ്‌വരയില്‍ ഹമാസും ഇസ്രയേല്‍ സൈന്യവുമായി ചെറിയ ഏറ്റുമുട്ടല്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രയേലിന്‍റെ ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ അംഗീകരിക്കില്ല എന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്ന് പിന്‍‌മാറാതെ വെടിനിര്‍ത്തല്‍ അംഗീകരിക്കാനാവില്ല എന്നാണ് ഹമാസിന്‍റെ തീരുമാനം.

ഗാസയില്‍ കഴിഞ്ഞ 22 ദിവസങ്ങളായി നടന്നു വരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ 1200 ഓളം പലസ്തീന്‍‌കാര്‍ കൊല്ലപ്പെട്ടു.

വെബ്ദുനിയ വായിക്കുക