സ്‌നോഡന് താല്‍ക്കാലിക അഭയം നല്‍കില്ല; അമേരിക്കയുമായുള്ള ബന്ധം പ്രധാനമെന്ന് പുടിന്‍

ബുധന്‍, 17 ജൂലൈ 2013 (19:44 IST)
PRO
PRO
അമേരിക്കയുമായുള്ള ബന്ധം വഷളാക്കിക്കൊണ്ട് എഡ്വേര്‍ഡ് സ്നോഡന്റെ താല്‍ക്കാലിക അഭയ അപേക്ഷ പരിഗണിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍‍. ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ടുള്ള ഒരു കാര്യത്തിനും റഷ്യ ഒരുക്കമല്ല. എന്നാല്‍ റഷ്യയ്ക്ക് റഷ്യയുടേതായ സ്വതന്ത്ര വിദേശ നയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സ്നോഡന്‍ മോസ്ക്കോ എയര്‍പോര്‍ട്ടില്‍ നിന്ന് ഏതാനും ദിവസങ്ങള്‍ക്കകം പുറത്തിറങ്ങുമെന്ന് സ്നോഡന്റെ വക്കീല്‍ വ്യക്തമാക്കി. റഷ്യയ്ക്ക് നല്‍കിയ താല്‍കാലിക അപേക്ഷയിന്‍മേല്‍ ഒരാഴ്ച്ചയ്ക്കകം കാര്യമായ പുരോഗതി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തികളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന അമേരിക്കന്‍ പദ്ധതിയായ പ്രിസത്തെപറ്റിയുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് സ്നോഡന്‍ അമേരിക്കയുടെ കണ്ണിലെ കരടായത്. സ്നോഡന്‍ ഏത് രാജ്യത്താണെങ്കിലും അദ്ദേഹത്തെ അമേരിക്കയ്ക്ക് വിട്ടുകിട്ടണമെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. സ്നോഡന്‍റെ പാസ്പോര്‍ട്ടും അമേരിക്ക റദ്ദാക്കി.

ഇതോടെ ഹോങ്കോങില്‍ നിന്ന് റഷ്യയിലെത്തിയ സ്നോഡന് മോസ്ക്കോ വിമാനത്താവളം വിട്ട് പോകാനോ മറ്റ് വിമാനത്തില്‍ യാത്ര ചെയ്യാനോ കഴിഞ്ഞില്ല. യൂറോപ്പിലെ ചില രാജ്യങ്ങള്‍ സ്നോഡനെയും കൊണ്ടുപോകുന്ന വിമാനങ്ങളെ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ കയറാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക