സ്‌നോഡന്‍ ഹാക്കിംഗും ജാവയും പഠിച്ചത് ഇന്ത്യയില്‍ നിന്ന്!

വ്യാഴം, 5 ഡിസം‌ബര്‍ 2013 (18:22 IST)
PRO
PRO
അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയായ എന്‍എസ്‌എ യുടെ സൈബര്‍ സെക്യൂരിറ്റി കോണ്‍ട്രാക്‌ടറും വിവാദ ചാരനുമായ എഡ്വേര്‍ഡ്‌ സ്‌നോഡന്‍ ഹാക്കിംഗും ജാവയും പഠിച്ചത് ഇന്ത്യയില്‍നിന്നെന്ന് റിപ്പോര്‍ട്ട്‌. അമേരിക്കയെ ചോര്‍ത്തല്‍ വിവാദത്തില്‍ കുടുക്കിയ ആയിരക്കണക്കിന്‌ വിലപ്പെട്ട രേഖകള്‍ ചൂണ്ടിയ സ്‌നോഡന്‍ കുപ്രസിദ്ധനാകുന്നതിന്‌ മുമ്പ്‌ 2010 ലാണ്‌ ഹാക്കിംഗ്‌ പഠിക്കാനായി ഇന്ത്യയില്‍ തങ്ങിയത്‌. വെറും ആറ്‌ ദിവസം കൊണ്ടാണ് സ്നോഡന്‍ ഹാക്കിംഗ് പഠിച്ചത്.

2010 സെപ്‌തംബര്‍ 3 മുതല്‍ 9 വരെ ഇന്ത്യയില്‍ ഉണ്ടായിരുന്ന സ്‌നോഡന്‍ എത്തിക്കല്‍ ഹാക്കിംഗും കോര്‍ ജാവയുമായിരുന്നു പഠിച്ചത്‌. വിദേശികളായ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും താജ്‌മഹല്‍ കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാറുണ്ട്‌. എന്നാല്‍ അതിന്‌ പോലും മിനക്കെടാതെ പഠനം മാത്രമായിരുന്നു ലക്‍ഷ്യം.

അമേരിക്കന്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട്‌ അനേകര്‍ വിദേശത്തു നിന്നും ഇവിടെ പഠിക്കുന്നതിനാല്‍ ആരും സ്‌നോഡനെ സംശയിച്ചിരുന്നില്ല. അനേകം പ്രത്യേകതകള്‍ സെന്ററിലുള്ളവര്‍ സ്‌നോഡനില്‍ കണ്ടിരുന്നു. ഇന്ത്യയില്‍ തങ്ങിയ ഒരു ദിവസം പോലും ഇയാള്‍ ഏതെങ്കിലും സോഷ്യല്‍ മീഡിയയില്‍ പങ്കാളിയായിട്ടില്ല.

വിദേശവിദ്യാര്‍ത്ഥികള്‍ക്ക്‌ തങ്ങാനും പഠിക്കാനുമായി കോയനിഗ്‌ കൊണ്ടുവന്നിട്ടുള്ള പാക്കേജില്‍ എത്തിയ സ്‌നോഡന്‍ 1.1 ലക്ഷം ഫീസ്‌ നല്‍കിയാണ് പഠിച്ചത്. അമേരിക്ക നോട്ടമിട്ടതിന്‌ പിന്നാലെ മോസ്‌കോ വിമാനത്താവളത്തില്‍ ഒളിച്ചപ്പോള്‍ ഇന്ത്യയിലും സ്‌നോഡന്‍ രാഷ്‌ട്രീയാഭയം തേടിയിരുന്നെങ്കിലും അനുമതി കിട്ടിയില്ല.

വെബ്ദുനിയ വായിക്കുക