റഷ്യയില്‍ സ്‌കൂളില്‍ സഹപാഠികളെ ബന്ദിയാക്കിയ വിദ്യാര്‍ഥി അധ്യാപകനെയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും വെടിവെച്ചുകൊന്നു.
ഇരുകൈയിലും തോക്കുമായി വെടിയുതിര്‍ത്ത വിദ്യാര്‍ഥിയെ പിതാവെത്തി അനുനയിപ്പിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ മോചിതരായത്.വടക്കന്‍ മോസ്‌കോയിലെ സ്‌കൂളിലാണ് രണ്ട് മണിക്കൂറോളം ആശങ്ക സൃഷ്ടിച്ച സംഭവം.
പിതാവിന്റെ തോക്കുകളുമായി സ്‌കൂളിലെത്തിയ വിദ്യാര്‍ഥിയാണ് 20 സഹപാഠികളെയും അധ്യാപകനെയും ബന്ദിയാക്കിയത്. അധ്യാപകനുനേരേ വിദ്യാര്‍ഥി പലതവണ വെടിവെച്ചു.വിവരമറിഞ്ഞ് പൊലീസും സ്‌കൂളിലെത്തി.
പൊലീസ് സംഘം എത്തിയതോടെ അവര്‍ക്കുനേരേയും തുടരെ വെടിയുതിര്‍ത്തു. വെടിയേറ്റ രണ്ട് പൊലീസുകാരില്‍ ഒരാള്‍ തത്ക്ഷണം മരിച്ചു. അധ്യാപകനുമായുള്ള പ്രശ്‌നമാണ് വിദ്യാര്‍ഥിയെ അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. വിദ്യാര്‍ഥിക്ക് മാനസികപ്രശ്‌നമുള്ളതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു.