സ്ഫോടനം: യുഎസ് അപലപിച്ചു

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വാഹന വ്യൂഹത്തിന് നേര്‍ക്ക് നടന്ന ബോംബാക്രമണത്തെ അമേരിക്ക അപലപിച്ചു. സാധാരണ ജനങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തെ ഒരു തരത്തിലും നീതീകരിക്കാന്‍ ആവില്ല എന്നും അമേരിക്ക വ്യക്തമാക്കി.

കറാച്ചിയില്‍ ബേനസീര്‍ ഭൂട്ടോയുടെ സമാധാനപരമായ റാലിക്ക് നേര്‍ക്ക് നടന്ന ആക്രമണത്തെ യുണെറ്റഡ് സ്റ്റേറ്റ്സ് അപലപിക്കുന്നു. മരിച്ചവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നു. നിരപരാധികളായ ജനങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന് രാഷ്ട്രീയപരമായി സാധൂകരണം നല്‍കാന്‍ കഴിയില്ല- യു എസ് വിദേശകാ‍ര്യ വകുപ്പ് പുറത്തിറക്കിയ മാധ്യമക്കുറിപ്പില്‍ പറഞ്ഞു.

പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് സ്ഫോടനത്തെ അപലപിച്ചത് കണക്കിലെടുക്കുന്നു. ആക്രമണം നടത്തിയവര്‍ ഭീതിപരത്താനും സ്വാതന്ത്ര്യത്തിന് തടയിടാനുമാണ് ശ്രമിക്കുന്നത്. രാജ്യത്ത് നിന്ന് ഭീകരത തുടച്ച് നീക്കാനും സമാധാനം നിറഞ്ഞ ഒരു ജനായത്ത സമൂഹത്തെ സൃഷ്ടിക്കുവാനും എന്നും പാകിസ്ഥാന്‍ ജനതയ്ക്കൊപ്പം നില്‍ക്കുമെന്നും അമേരിക്ക പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

പാകിസ്ഥാനില്‍ സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് നടക്കണമെന്നും അതില്‍ എല്ലാ അംഗീകൃതപാര്‍ട്ടികള്‍ക്കൊപ്പം ബേനസീറിന്‍റെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും ഉള്‍പ്പെടണമെന്നും യു എസ് വിദേശകാര്യ വക്താവ് ടോം കാസേ പറയുകയുണ്ടായി.

വെബ്ദുനിയ വായിക്കുക