സ്ത്രീകള്‍ ഹസ്തദാനം ചെയ്യരുതെന്ന് ഭീകരര്‍

ഞായര്‍, 9 ജനുവരി 2011 (11:50 IST)
PRO
സൊമാലിയയില്‍ സ്ത്രീകള്‍ അപരിചിതരായ പുരുഷന്‍‌മാര്‍ക്ക് ഹസ്തദാനം ചെയ്യരുത് എന്ന് അല്‍-കൊയ്ദ ബന്ധമുള്ള ഇസ്ലാം ഭീകരരുടെ മുന്നറിയിപ്പ്. അപരിചതര്‍ക്കൊപ്പം നടക്കുന്നതോ സംസാരിക്കുന്നതോ കണ്ടാലും ശിക്ഷിക്കപ്പെടുമെന്നാണ് മുന്നറിയിപ്പ്.

മുന്നറിയിപ്പിനെ അവഗണിക്കുന്നവര്‍ക്ക് ചാട്ടയടിയും തടവും ആയിരിക്കും ശിക്ഷ നല്‍കുകയെന്ന് പ്രദേശവാസികള്‍ വെളിപ്പെടുത്തുന്നു.

സൊമാലിയയില്‍ മിക്കയിടങ്ങളിലും ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെയും പര്‍ദ്ദ ധരിക്കാത്ത സ്ത്രീകളെയും തേടി തോക്കുധാരികളായ തീവ്രവാദ മുസ്ലീങ്ങള്‍ തെരച്ചില്‍ നടത്തുകയാണ്. നിര്‍ദ്ദിഷ്ട രീതിയിലുള്ള വേഷം ധരിക്കാത്ത സ്ത്രീകള്‍ക്ക് ചാട്ടയടിയാണ് ശിക്ഷ.

ഇരുപത് വര്‍ഷത്തെ ആഭ്യന്തര യുദ്ധം താറുമാറാക്കിയ സൊമാലിയയില്‍ യുഎന്‍ പിന്തുണയോട് കൂ‍ടി അധികാരത്തിലെത്തിയ സര്‍ക്കാരിനെ ദുര്‍ബ്ബലമാക്കുന്നതിനാണ് തീവ്രവാദികളുടെ ശ്രമം. മധ്യ സൊമാലിയയും ദക്ഷിണ സൊമാലിയയും ഇപ്പോള്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്.

വെബ്ദുനിയ വായിക്കുക