സ്ട്രോസ് കാനെ ഡി‌എന്‍‌എ പരിശോധന കുടുക്കി!

ചൊവ്വ, 24 മെയ് 2011 (15:36 IST)
PRO
ലൈംഗിക പീഡനകേസില്‍ പെട്ട ഐ‌എം‌എഫ് മുന്‍ മേധാവി ഡൊമനിക്ക് സ്ട്രോസ് കാനെതിരെ ഡി‌എന്‍‌എ പരിശോധനയില്‍ തെളിവുകള്‍ ലഭിച്ചതായി സൂചന. പരാതിക്കാരിയായ ഹോട്ടല്‍ പരിചാരികയുടെ വസ്ത്രത്തില്‍ നിന്ന് സ്ട്രോസിന്റെ ഡി‌എന്‍‌എ സാമ്പിളുകള്‍ ശേഖരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മന്‍‌ഹട്ടനിലെ ഹോട്ടല്‍ ജീവനക്കാരിയുടെ കുപ്പായത്തില്‍ നിന്നാണ് സ്ട്രോസിന്റെ ഡി‌എന്‍‌എ സാമ്പിളുകള്‍ ലഭിച്ചത് എന്ന് ‘എന്‍‌ബിസി’ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ സ്ട്രോസ് കാന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ പരിശോധന തുടരുകയാണ്.

തന്നെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനു പ്രേരിപ്പിച്ചു എന്നും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നുമാണ് 32 വയസ്സുകാരിയായ ഹോട്ടല്‍ ജീവനക്കാരി പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍, ഫ്രാന്‍സിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തില്‍ നിന്നാണ് സ്ട്രോസ് കാനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് കാന്‍ ഐ എം എഫ് പദവി രാജിവയ്ക്കുകയും ചെയ്തിരുന്നു.

കോടതിയില്‍ കുറ്റം നിഷേധിച്ച സ്ട്രോസ് കാന് ജാമ്യം നല്‍കി എങ്കിലും ഇപ്പോള്‍ വീട്ടുതടങ്കലിലാണ്.

വെബ്ദുനിയ വായിക്കുക