സൂകി ശിക്ഷ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നു

വ്യാഴം, 30 ജൂലൈ 2009 (15:59 IST)
PRO
PRO
വീട്ടുതടങ്കല്‍ നിയമം ലംഘിച്ച കേസില്‍ മ്യാന്‍‌മര്‍ പ്രതിപക്ഷ നേതാവ് ആങ്സാന്‍ സൂകി ശിക്ഷ സ്വീകരിക്കാനുള്ള മാനസിക തയ്യാറെടുപ്പിലാണ്. തടവ് ശിക്ഷ ലഭിച്ചേക്കുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ സൂകി മരുന്നുകളും പുസ്തകങ്ങളും ശേഖരിക്കുകയാണെന്ന് അവരുടെ അഭിഭാഷകന്‍ നിയാന്‍ വിന്‍ പറഞ്ഞു. മാനസികമായും ശാരീരികമായും സൂകി ആരോഗ്യവതിയാണെന്ന് അദ്ദേഹം അറിയിച്ചു.

ഏത് ശിക്ഷ സ്വീകരിക്കാനും അവര്‍ തയ്യാറായിക്കഴിഞ്ഞു. മരുന്നുകളും ഇംഗ്ലീഷ്, ഫ്രഞ്ച്, ബര്‍മ്മീസ് പുസ്തകങ്ങള്‍ അവര്‍ ശേഖരിക്കുന്നുണ്ട്. ശിക്ഷിക്കപ്പെടുകയാണെങ്കില്‍ വായനയില്‍ മുഴുകുമെന്ന് സൂകി പറഞ്ഞതായി അദ്ദേഹം അറിയിച്ചു. ജീവചരിത്രങ്ങള്‍, പല രാജ്യാന്തര നേതാക്കളുടേയും ആത്മകഥകള്‍, ബുദ്ധമതത്തെ കുറിച്ചുള്ള പുസ്തകങ്ങള്‍ എന്നിവയാണ് സൂകി ശേഖരിക്കുന്നത്.

സൂകിയുടെ ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് പട്ടാള കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ചയാണ് കേസിന്‍റെ വിചാരണ പൂര്‍ത്തിയായത്. സൂകിക്ക് അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാമെന്നാണ് സൂചന. വീട്ടു തടങ്കലിലായിരിക്കെ ഒരു അമേരിക്കന്‍ സ്വദേശിയായ ജോണ്‍ വില്യം യെത്ത എന്നയാളെ രണ്ട് ദിവസം വീട്ടില്‍ താമസിപ്പിച്ചതിനാണ് സൂകിക്കെതിരെ കേസെടുത്തിരിക്കുന്നത്. മെയ്‌ പതിനെട്ടിനായിരുന്നു കേസില്‍ വിചാരണ തുടങ്ങിയത്‌.

സൂകിയുടെ തടങ്കല്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് അവരെ പട്ടാള ഭരണകൂടം വിണ്ടും തടവിലാക്കിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 13 വര്‍ഷവും ജയിലായിരുന്നു സൂകി. 2010ലെ തിരഞ്ഞെടുപ്പ്‌ കഴിയും വരെയെങ്കിലും സൂകിയെ തടവിലിടാനാണ്‌ പട്ടാള ഭരണകൂടം ശ്രമിക്കുന്നത്.

വെബ്ദുനിയ വായിക്കുക