സൂകി നവംബറില്‍ മോചിതയാകും: മന്ത്രി

തിങ്കള്‍, 25 ജനുവരി 2010 (11:29 IST)
PRO
തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന മ്യാന്‍‌മര്‍ പ്രതിപക്ഷ നേതാവ് ആങ് സാങ് സൂകിയെ നവംബറില്‍ മോചിപ്പിക്കുമെന്ന് മ്യാന്‍‌മാര്‍ ആഭ്യന്തര മന്ത്രി മൌവുങ് ഓ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. പ്രാദേശിക അധികാരികളുടെ ഒരു യോഗത്തിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഈ യോഗത്തില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്‍‌പ് സൂകിയെ മോചിപ്പിക്കില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായി. ഒക്ടോബറില്‍ മ്യാന്‍‌മറില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

ഈ വര്‍ഷം തന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ പട്ടാളഭരണകൂടം നേരത്തെ തീരുമാനിച്ചിരുന്നു. രണ്ട് ദശാബ്ദത്തിന് ശേഷം മ്യാന്‍മറില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിന് മുന്‍‌പ് സൂകിയെ മോചിപ്പിക്കണമെന്ന് വിവിധ മനുഷ്യവകാശ സംഘടനകളും സൂകിയുടെ പാര്‍ട്ടി നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

സൂകിയുടെ തടവ് അന്യായമാണെന്നും അവരെ വിട്ടയയ്ക്കണമെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ അടക്കം ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് സൂകിയെ മോചിപ്പിക്കാന്‍ പട്ടാള നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന. സൂകിയുടെ വീട്ടുതടങ്കല്‍ കാലാവധി നേരത്തെ അവസാനിച്ചുവെങ്കിലും ഇവരുടെ വീട്ടില്‍ ഒരു വിദേശപൌരന്‍ ഒളിവില്‍ താമസിച്ചുവെന്ന കുറ്റത്തിന് പട്ടാളഭരണകൂടം സൂകിയുടെ ശിക്ഷ നീട്ടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക