സിസ്റ്റീന്‍ ചാപ്പലില്‍ ട്വിറ്ററിലും ഫേസ്ബുക്കിനും പ്രവേശനമില്ല!

ചൊവ്വ, 12 മാര്‍ച്ച് 2013 (15:13 IST)
PRO
PRO
പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയകള്‍ക്ക് വത്തിക്കാനില്‍ തുടക്കമായി. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നരയോടെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ സമൂഹബലി നടക്കും. തുടര്‍ന്ന് മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ള 115 കര്‍ദിനാള്‍മാര്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സിസ്റ്റീന്‍ ചാപ്പലിലേക്ക് പോകും. അതോടെ ചാപ്പലിന്റെ കവാടം അടയും.

ആദ്യ വോട്ടെടുപ്പ് ചൊവ്വാഴ്ച വൈകിട്ട് തന്നെ നടന്നേക്കും എന്നാണ് സൂചനകള്‍.
ഇതില്‍ തീരുമാനമായില്ലെങ്കില്‍ ബുധനാഴ്ചയും വോട്ടെടുപ്പ് തുടരും.

പുരാതന വിശ്വാസങ്ങളും ആചാരക്രമങ്ങളും പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. കര്‍ശന സുരക്ഷയോടെയായിരിക്കും ഇത് നടക്കുക. അതീവരഹസ്യമായി നടക്കുന്ന കോണ്‍ക്ലേവിന്റെ വിവരങ്ങള്‍ ചോരാതിരിക്കാനായി എല്ലാ പഴുതുകളും അടച്ചുകഴിഞ്ഞു.

അനാരോഗ്യകരമായ പ്രവണതകള്‍ ഒഴിവാക്കാനായി മൊബൈല്‍ ഫോണിന്റെ ഉപയോഗം വിലക്കിയിട്ടുണ്ട്. ട്വിറ്ററും ഫേസ്ബുക്കും സ്മാര്‍ട്ട്ഫോണുമെല്ലാം സിസ്റ്റീന്‍ ചാപ്പലിന്റെ പടിയ്ക്ക് പുറത്ത് മാത്രം.

വെബ്ദുനിയ വായിക്കുക