സിറിയയില്‍ വിമതനീക്കം; അഹമ്മദ് തുമ താല്‍ക്കാലിക പ്രധാനമന്ത്രി
ഞായര്‍, 15 സെപ്‌റ്റംബര്‍ 2013 (17:00 IST)
PRO
PRO
സൈനിക നടപടി ഒഴിവായതിന് പിന്നാലെ സിറിയയില്‍ വിമതനീക്കം. താല്‍ക്കാലിക പ്രധാനമന്ത്രിയായി അഹമ്മദ് തുമയെ തെരഞ്ഞെടുത്തു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും നടത്തിയ ചര്‍ച്ചയില്‍ താല്‍ക്കാലികമായി സൈനിക നടപടി ഒഴിവായതിനു പിന്നാലെയാണ് വിമതരുടെ നീക്കം. സിറിയന്‍ പ്രശ്‌നം ആഗോള തലത്തില്‍ ചര്‍ച്ചചെയ്യുന്നതിനിടയില്‍ സിറിയന്‍ പ്രതിപക്ഷ മുന്നണി താല്‍കാലിക പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തിരിക്കുന്നത്.
അസദ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്ക് തിരിച്ചടി നല്‍കാനാണ് പ്രതിപക്ഷം പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. അഭ്യന്തര പ്രശ്‌നത്തെ തുടര്‍ന്ന് താളം തെറ്റിയ സിറിയയിലെ രാഷ്ട്രീയ സാമ്പത്തിക അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ പുതിയ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിലൂടെ സാധിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.
രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തവര്‍ക്കായി ഒരു വലിയ ഉത്തരവാദിത്തമാണ് തനിക്ക് ഏറ്റെടുക്കേണ്ടിവന്നതെന്ന് അത് താന്‍ കൃത്യമായി ചെയ്യുമെന്നും അഹമ്മദ് തുമ പറഞ്ഞു. റഷ്യയും അമേരിക്കയും മുന്നോട്ട് വച്ച രാസായുധ നിരായുധീകരണ ഉടമ്പടി പ്രകാരം കൂടുതല്‍ കാര്യങ്ങള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ കഴിയുമെന്നും പ്രതിപക്ഷം കരുതുന്നു. സിറിയ ജനാധിപത്യവ്യവസ്ഥയിലേക്ക് കൊണ്ട് വരുമെന്നും ക്രിമിനലുകളുടെ സാന്നിദ്ധ്യം ഇല്ലാതാക്കുമെന്നും ജനങ്ങള്‍ക്കിയില്‍ സമാധാനം കൊണ്ട് വരുമെന്നും അഹമ്മദ് തുമ കൂട്ടിചേര്‍ത്തു. പതിമൂന്നംഗ മന്ത്രിസഭാ രൂപീകരണത്തിനുളള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.