സിംഗപ്പൂരിലെ അക്രമ പരമ്പര; 24 ഇന്ത്യക്കാര്‍ അറസ്റ്റില്‍

ചൊവ്വ, 10 ഡിസം‌ബര്‍ 2013 (10:45 IST)
PRO
സിംഗപ്പൂരിലെ ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന പ്രദേശത്ത് ഉണ്ടായ അക്രമങ്ങളില്‍ 27 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച നടന്ന അക്രമത്തെത്തുടര്‍ന്ന് അറസ്റ്റിലായവരില്‍ രണ്ട് ബംഗ്ലാദേശികളും ഒരു സിംഗപ്പൂരുകാരനുമുണ്ട്.

ഇന്ത്യന്‍ തൊഴിലാളിയായ ശക്തിവേല്‍ കുമാരവേലു (33) ബസിടിച്ച് മരിച്ചതിനെത്തുടര്‍ന്നാണ് ഞായറാഴ്ച രാത്രി അക്രമം അരങ്ങേറിയത്. ലിറ്റില്‍ ഇന്ത്യയില്‍ നിന്ന് തൊഴിലാളികള്‍ താമസിക്കുന്ന ജലന്‍ പാപ്പനിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ബസിടിച്ചാണ് കുമാരവേലു മരിച്ചത്.

അപകടം നടന്ന ഉടന്‍ നൂറുകണക്കിന് ഇന്ത്യന്‍ വംശജര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി. വളരെ പെട്ടന്നു തന്നെ പ്രതിഷധം നഗരത്തിന്റെ വിവിധയിടങ്ങളിലേക്ക് വ്യാപിച്ചു. പത്ത് പൊലീസുകാരുള്‍പ്പെടെ 18 പേര്‍ക്ക് അക്രമങ്ങളില്‍ പരുക്കേറ്റു. 25 വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. സിംഗപ്പൂരിന്റെ 40 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കടുത്ത അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രി ലീസീന്‍ ലൂങ് ഉത്തരവിട്ടു.




വെബ്ദുനിയ വായിക്കുക