ഷേക്സ്പിയര്‍ നികുതി വെട്ടിപ്പുകാരനും പൂഴ്ത്തിവയ്പ്പുകാരനുമായിരുന്നു!
തിങ്കള്‍, 1 ഏപ്രില്‍ 2013 (10:20 IST)
PRO
PRO
ലോകം കണ്ട മഹാനായ എഴുത്തുകാരനും നാടക രചയിതാവുമായ വില്യം ഷേക്സ്പിയറെ വിമര്‍ശിച്ച് പഠനം പുറത്തുവന്നു. ലോകം ആദരിക്കുന്ന എഴുത്തുകാരന്റെ മറ്റൊരു മുഖം തുറന്നുകാട്ടുന്നു എന്ന് അവകാശപ്പെടുന്ന പഠനത്തില്‍ അദ്ദേഹം ഒരു നികുതി വെട്ടിപ്പുകാരനും പൂഴ്ത്തിവയ്പ്പുകാരനുമായിരുന്നു എന്ന് പറയുന്നു.
ക്ഷാമകാലത്ത് ഷേക്സ്പിയര്‍ ഭക്ഷ്യധാന്യങ്ങള്‍ പൂഴ്ത്തിവെക്കുകയും നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തിരുന്നു. ഇത് മൂലം അദ്ദേഹത്തിന് കോടതികള്‍ കയറിയിറങ്ങാനേ സമയം ഉണ്ടായിരുന്നുള്ളൂ. നിര്‍ദയനായ വ്യാപാരിയായിരുന്നു അദ്ദേഹം. എബെറൈസ്റ്റ്വിത് യൂണിവേഴ്സിറ്റിയില്‍ ഗവേഷണം നടത്തുന്ന ജെയിന്‍ ആര്‍ച്ചറിന്റെ പഠനത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
ഷേക്സ്പിയറെ നിരന്തരം കോടതിയിലേക്ക് വിളിപ്പിച്ചതിന്റെയും പിഴ ചുമത്തിയതിന്റെയും രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയതെന്ന് അവര്‍ പറയുന്നു.
സാധാരണക്കാരന്റെ ദുരിതത്തെ കുറിച്ച് നാടകങ്ങള്‍ രചിക്കുമ്പോഴും ഷേക്സ്പിയര്‍ ധാന്യങ്ങള്‍ പൂഴ്ത്തിവെച്ച് കരിഞ്ചന്തയില്‍ വില്‍ക്കുകയായിരുന്നു. 15 വര്‍ഷക്കാലം അദ്ദേഹം ഇത് തുടര്‍ന്നു എന്നും പഠനം പറയുന്നു.