ഷരീഫ്, ഇമ്രാന്‍ വീട്ടു തടങ്കലില്‍

ഞായര്‍, 15 മാര്‍ച്ച് 2009 (09:07 IST)
പാകിസ്ഥാനിലെ പ്രതിപക്ഷ കക്ഷികളും അഭിഭാഷകരും ചേര്‍ന്ന് നടത്തുന്ന ലോംഗ് മാര്‍ച്ചിന് തടയിടാനായി പി എം എല്‍- എന്‍ നേതാവ് നവാസ് ഷരീഫിനെയും തെഹ്‌റീക്ക്-ഇ-ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാനെയും വീട്ടു തടങ്കലില്‍ ആക്കിയതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നവാസിനെയും സഹോദരനെയും മൂന്ന് ദിവസത്തേക്കാണ് വീട്ടുതടങ്കലില്‍ ആക്കിയത്. ഇമ്രാന്‍ ഖാന്‍ റാവല്പിണ്ടിയില്‍ വച്ചാണ് അറസ്റ്റിലായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നവാസ് ഷരീഫ്, ഷഹബാസ് ഷരീഫ്, ഇമ്രാന്‍ ഖാന്‍, ജമാത്ത്-ഇ-ഇസ്ലാമി നേതാവ് ഖ്വാസി ഹുസൈന്‍ അഹമ്മദ് എന്നിവരുടെ വീടുകള്‍ സുരക്ഷാ സൈനികര്‍ വളഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇമ്രാന്‍ ഖാന്‍റെ മകനെയും തടങ്കലില്‍ ആക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ഷബാസ് ഷരീഫും അനുയായികളും ഇസ്ലാമബാദില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ശനിയാ‍ഴ്ച രാത്രി നടന്ന പൊലീസ് തെരച്ചിലില്‍ മാര്‍ച്ചില്‍ പങ്കെടുത്ത 50 അഭിഭാഷകരെ പൊലീസ് അറസ്റ്റ് ചെയ്തതായും ചിലരെ തല്ലിച്ചതച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍, ലോംഗ് മാര്‍ച്ച് മുന്നോട്ടു തന്നെ പോവുമെന്നാണ് നവാസ് ഷരീഫിന്‍റെ അനുയായികള്‍ പറയുന്നത്. മുഷറഫ് ഭരണകാലത്ത് പുറത്താക്കിയ ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൌധരിയെ തിരിച്ചെടുക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആവശ്യം.

വെബ്ദുനിയ വായിക്കുക