കൊളംബോ: ശ്രീലങ്കന്‍ സൈനിക ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണം ചാവേര്‍ ദൌത്യമായിരുന്നു എന്ന് ഒരു എല്‍ടിടിഇ അനുകൂല വെബ്സൈറ്റ് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് രണ്ട് ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് പുലികള്‍ വ്യോമാക്രമണം നടത്തിയത്. ഈ വിമനങ്ങളുടെ രണ്ട് പൈലറ്റുമാരും സംഘടനയുടെ ചാവേര്‍ കരിമ്പുലി സംഘത്തില്‍പ്പെട്ടവരാണെന്ന് എല്‍ടിടിഇ വ്യക്തമാക്കി.
തലസ്ഥാനമായ കൊളംബോയിലെ വ്യോമസേനാ കേന്ദ്രവും അന്താരാഷ്ട്ര വിമാനത്താവളവും ആക്രമിക്കുകയായിരുന്നു ലക്‍ഷ്യമെന്നും വെബ്സൈറ്റില്‍ പറയുന്നുണ്ട്. എന്നാല്‍ കൊളംബോയിലെ വ്യോമസേന ആസ്ഥാനത്തും നികുതി വകുപ്പിന്‍റെ കെട്ടിടത്തിന് നേരെയുമാണ് ഇവര്‍ ആക്രമണം നടത്തിയത്.
കൊല്ലപ്പെട്ട രണ്ട് പൈലറ്റുമാരുടേയും ഫോട്ടോ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുലി നേതാവ് പ്രഭാകരനൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേണല്‍ രൂപന്‍, ലഫ്റ്റനന്‍റ് കേണല്‍ സിരിത്തിരന്‍ എന്നീ പേരുകളാണ് ചിത്രത്തോടൊപ്പം പ്രസിദ്ധികരിച്ചിരിക്കുന്നത്. ആക്രമണത്തിനിടെ രണ്ട് വിമാനങ്ങളും ലങ്കന്‍ സൈന്യം വെടിവച്ചിടുകയായിരുന്നു. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 54 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുലികളുടെ വിമാനത്തില്‍ നിന്ന് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായി സൈന്യം പറഞ്ഞു.
കൊളംബൊ വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ എയര്‍വേയ്സിന്‍റെ ബാങ്കോക്ക് - കൊളംബോ വിമാനം തിരുവനന്തപുരത്തിറക്കി. കൊളംബോയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. പുലികളുടെ ശക്തികേന്ദ്രങ്ങള്‍ കീഴടക്കിയെന്ന സൈന്യത്തിന്‍റെ അവകാശവാദത്തിനിടെയാണ് ഈ അപ്രതീക്ഷിത ആക്രമണം.