'വെളുത്ത വിധവ' എന്നറിയപ്പെടുന്ന സാമന്ത ല്യൂത്ത്‌വെയ്റ്റിനെതിരെ ഇന്‍റര്‍പോള്‍ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു.കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ഷോപ്പിങ് മാള്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കെനിയന്‍ പൊലീസിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
2005-ലെ ലണ്ടന്‍ ബോംബാക്രമണക്കേസിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന ജെര്‍മെയ്ന്‍ ലിന്‍ഡ്‌സെയാണ് ഇവരുടെ ഭര്‍ത്താവ്. ബ്രിട്ടീഷ് സൈനികന്റെ മകളായ ഇവര്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് ലിന്‍ഡ്‌സെയെ വിവാഹം കഴിക്കുകയായിരുന്നു. 29 കാരിയായ ഇവര്‍ മാള്‍ ആക്രമിച്ച അല്‍ ഷബാബ് അംഗമാണ്.
വ്യാജരേഖ ഉപയോഗിച്ച് ദക്ഷിണാഫ്രിക്കന്‍ നഗരമായ പ്രിട്ടോറിയയില്‍നിന്ന് ഇവര്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചതായി കണ്ടെത്തി. ആക്രമണത്തിനിടെ ഭീകരരോട് ഇവര്‍ അറബിയില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതായി കണ്ടുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കെനിയയില്‍ ആക്രമണം നടത്തിയ തീവ്ര്വാദികളില്‍ മൂന്ന് അമേരിക്കക്കാരും ബ്രിട്ടീഷുകാരിയായ വിധവയും ഉണ്ടായിരുന്നുവെന്ന് കെനിയന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാകിയിരുന്നു.