വത്തിക്കാന്‍ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പുരോഹിതന്‍ ‘മോണ്‍സിഞ്ഞോര്‍ 500‘ അറസ്റ്റില്‍

ശനി, 29 ജൂണ്‍ 2013 (09:58 IST)
PRO
വത്തിക്കാന്‍ ബാങ്കിലെ വന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് പുരോഹിതന്‍ അറസ്റ്റില്‍. മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സലേര്‍ണൊയില്‍നിന്നുള്ള നുന്‍സിയൊ സ്കാര്‍ണൊയാണ് അറസ്റ്റിലായത്.

500 യൂറോയുടെ നോട്ടു കെട്ടുകള്‍ അനധികൃതമായി കൈവശം വച്ചതിന്‍റെ പേരില്‍ സ്കാര്‍ണൊയെ മാധ്യമങ്ങള്‍ മോണ്‍സിഞ്ഞോര്‍ 500 എന്നാണ് വിശേഷിപ്പിക്കുന്നത്.

പ്രാഥമികാന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞതായി വത്തിക്കാന്‍റെ മുതിര്‍ന്ന മാധ്യമ ഉപദേഷ്ടാവ് ഗ്രെഗ് ബുര്‍ക്കെ പറഞ്ഞു. ഇറ്റാലിയന്‍ രഹസ്യാന്വേഷണ സംഘത്തിലെ മുന്‍ ഉദ്യോഗസ്ഥനും സ്വിറ്റ്സര്‍ലന്‍ഡില്‍നിന്ന് 260ലക്ഷം ഡോളര്‍ അനധികൃതമായി റോമിലേക്കു കടത്തിയ മറ്റൊരു വ്യക്തിയും പുരോഹിതനൊപ്പം അറസ്റ്റിലായിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മറ്റൊരു കേസിലും സ്കാര്‍ണൊ അന്വേഷണം നേരിടുന്നുണ്ടെന്ന് ഒരു ഇറ്റാലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

വെബ്ദുനിയ വായിക്കുക