ലോക മുത്തശ്ശി 115 ആഘോഷിച്ചു

ചൊവ്വ, 7 ഏപ്രില്‍ 2009 (13:32 IST)
ലോസ് ഏഞ്ചല്‍‌സ്: ലോകത്തെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന വനിത എന്ന ഗിന്നസ് റെക്കോര്‍ഡിനുടമയായ അമേരിക്കക്കാരി ജെട്ര്യൂഡ് ബെയ്ന്‍സിന് 115 വയസ് തികഞ്ഞു. ഇപ്പോള്‍ താമസിക്കുന്ന ആരോഗ്യ ശുശ്രൂഷ കേന്ദ്രത്തിലാണ് അവര്‍ തിങ്കളാഴ്ച ജന്മദിനം ആഘോഷിച്ചത്.

പ്രസിഡന്‍റ് ബരാക് ഒബാമയുടേ ജന്മദിന സന്ദേശത്തോടൊപ്പം സുഹൃത്തുക്കള്‍ അവര്‍ക്കായി ഗാനം ആലപിച്ചു. ഒപ്പം ഗിന്നസ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയതായുള്ള അറിയിപ്പും അവര്‍ക്ക് ലഭിച്ചു. വളരെ സന്തോഷവതിയായാണ് ജെട്ര്യൂഡ് ആഘോഷത്തില്‍ പങ്കെടുത്തത്.

1894ല്‍ ജോര്‍ജിയയിലെ ഷെല്‍മണിലാണ് ജെട്ര്യൂഡ് ബെയ്ന്‍സ് ജനിച്ചത്. പോര്‍ച്ചുഗീസുകാരിയായ മരിയ ഡി ജീസസ്‌ എന്ന 115കാരി കഴിഞ്ഞ വര്‍ഷം മരിച്ചതോടെയാണ് ജെട്ര്യൂഡ് പ്രായം കൂടിയ ജീവിച്ചിരിക്കുന്ന വ്യക്തിയായത്. ജെട്ര്യൂഡിന്‍റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് അവരെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു.

ഭര്‍ത്താവ് ബെയ്ന്‍സും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഇവരുടെ ഏകമകള്‍ നേരത്തെ മരിച്ചിരുന്നു. ഇത്രയും കാലം ജീവിച്ചിരിക്കാന്‍ കഴിഞ്ഞതിന് അവര്‍ ദൈവത്തോട് നന്ദി പറഞ്ഞു. 115 വയസിലെത്തിയ ജെട്ര്യൂഡ് ഇതുവരെ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി ലോസ് ഏഞ്ചല്‍‌സിലെ ശുശ്രൂഷ കേന്ദ്രത്തിലെ അന്തേവാസിയാണ് ഈ ദമ്പതികള്‍.

വെബ്ദുനിയ വായിക്കുക