രജപക്സെയ്ക്ക് വന്‍ വിജയം

ബുധന്‍, 27 ജനുവരി 2010 (15:05 IST)
PRO
ശ്രീലങ്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മഹീന്ദ രജപക്സെയ്ക്ക് വന്‍ വിജയം. അറുപത് ലക്ഷത്തോളം വോട്ടുകളാണ് രജപക്സെയ്ക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി മുന്‍ സൈനിക മേധാവി ശരത് ഫൊന്‍സെകയ്ക്ക് 41 ലക്ഷം വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളു.

രജപക്സെയുടെ ഓഫീസ് വൃത്തങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. അറുപത്തിനാലുകാരനായ രജപക്സെയ്ക്ക് ആകെ പോള്‍ ചെയ്തതിന്‍റെ 58.8 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഫൊന്‍സെകയ്ക്ക് 40.8 ശാതമാനവും വോട്ടുകള്‍ ലഭിച്ചു.

ഇത് രണ്ടാം തവണയാണ് ലങ്കയുടെ പ്രസിഡന്‍റ് പദത്തിലേക്ക് രജപക്സെ തെരഞ്ഞെടുക്കപ്പെടുന്നത്. 2005 ല്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കാലാവധി തികയ്ക്കാന്‍ രണ്ട് വര്‍ഷം കൂടിയുള്ളപ്പോഴാണ് വീണ്ടും ജനവിധി തേടിയത്. മുപ്പത് വര്‍ഷമായി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്ന എല്‍ടിടിഇക്കെതിരെ നേടിയ വിജയത്തിന്‍റെ ബലത്തിലായിരുന്നു രജപക്സെയുടെ തീരുമാനം.

എല്‍ടിടിഇ യുടെ പേരില്‍ രജപക്സെ മുതലെടുക്കുന്നതിന് തടയിടാനായിട്ടാണ് എല്‍ടിടിഇ ക്കെതിരായ സൈനിക നടപടിക്ക് ചുക്കാന്‍ പിടിച്ച ഫൊന്‍സെകയെ പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയാക്കിയത്. ഏതാണ്ട് പതിനെട്ട് ശതമാനത്തോളം വരുന്ന തമിഴ് വോട്ടര്‍മാരെ സ്വാധീ‍നിക്കാന്‍ ഇരുപക്ഷവും ശ്രമിച്ചിരുന്നു. മുന്‍ പ്രസിഡന്‍റ് ചന്ദ്രികാ കുമാരതുംഗെ ഉള്‍പ്പെടെയുള്ളവര്‍ ഫൊന്‍സെകയ്ക്ക് പിന്തുണയുമായി അവസാന നിമിഷം എത്തിയിരുന്നെങ്കിലും ഇത് ഫലം കണ്ടില്ല.

എല്‍ടിടിഇയുടെ വിഘടന പ്രവര്‍ത്തനങ്ങള്‍ സ്വന്തം മണ്ണില്‍ നിന്ന് തുടച്ചുനീക്കിയതിന്‍റെ വിധേയത്വം രജപക്സെയോട് പ്രകടിപ്പിക്കുകയായിരുന്നു ഈ തെരഞ്ഞെടുപ്പിലൂടെ ലങ്കന്‍ ജനത. വിജയവാര്‍ത്തയറിഞ്ഞ് രജപക്സെയുടെ അനുയായികള്‍ പലയിടത്തും ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതേസമയം ഫലപ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് സംഘര്‍ഷം ഉണ്ടാകാനിടയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ ലങ്കന്‍ സൈന്യത്തില്‍ നിന്നും ഒളിച്ചോടിയ ഒരു വിഭാഗത്തെ ഫൊന്‍സെക താമസിക്കുന്ന ഹോട്ടലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ലങ്കന്‍ സൈന്യം ഹോട്ടല്‍ വളഞ്ഞിരുന്നു. എന്നാല്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തനിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രമാണ് തന്‍റെ കൂടെയുള്ളതെന്ന് ഫൊന്‍സെക പിന്നീട് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക