യെമനിലെ തീവ്രവാദം: ബ്രിട്ടനില്‍ ഉന്നതയോഗം

ശനി, 2 ജനുവരി 2010 (12:54 IST)
PRO
യെമനിലെ തീവ്രവാദ ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ബ്രട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ അന്താരാഷ്ട്ര നേതാക്കളുടെ യോഗം വിളിച്ചു. ഈ മാസം ഇരുപത്തിയെട്ടിന് ലണ്ടനിലാണ് യോഗം ചേരുക.

യെമന്‍ ആസ്ഥാനമാക്കി അല്‍ ഖ്വൈദ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ എങ്ങനെ നേരിടാം എന്നതാണ് യോഗത്തിലെ പ്രധാന അജണ്ട. തീവ്രവാദത്തെ ചെറുക്കാന്‍ യെമന്‍ സര്‍ക്കാരിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ അന്താരാഷ്ട്ര സഹായം ഉറപ്പിക്കുകയാണ് യോഗത്തിന്‍റെ ലക്‍ഷ്യം.

യാത്രാവിമാനത്തില്‍ സ്ഫോടനം നടത്താന്‍ ശ്രമിക്കുന്നതിനിടെ നൈജീരിയന്‍ സ്വദേശിയായ ഒരു യുവാവിനെ കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ പിടികൂടിയിരുന്നു. യെമന്‍ കേന്ദ്രമാക്കി അല്‍ ഖ്വൈദയുടെ പരിശീ‍ലന ക്യാമ്പ് നടക്കുന്നുണ്ടെന്നും അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഇവിടെ നിന്നും കൂടുതല്‍ ചാവേറുകളെ അല്‍ ഖ്വൈദ അയച്ചുകൊണ്ടിരിക്കുകയാണെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അടിയന്തരമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടന്‍ മുന്‍ കൈയ്യെടുത്ത് യോഗം വിളിച്ചിരിക്കുന്നത്.

43 രാജ്യങ്ങളിലെ മന്ത്രിമാരെയോ ഉന്നത നേതാക്കളെയോ യോഗത്തിന് ക്ഷണിച്ചിട്ടുണ്ടെന്ന് ബ്രൌണിന്‍റെ ഓഫീസ് അറിയിച്ചു. അഫ്ഗാന്‍ ദൌത്യത്തിന് സമാന്തരമായിട്ടായിരിക്കും യെമനിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക