യു കെ: പഠന വിസ കര്‍ക്കശമാക്കി

വ്യാഴം, 31 ജൂലൈ 2008 (13:42 IST)
വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസാ ചട്ടങ്ങള്‍ ബ്രിട്ടന്‍ കര്‍ക്കശമാക്കി. പുതിയ നിയമ പ്രകാരം ഇന്ത്യയില്‍ നിന്നും മറ്റ് യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍ നിന്നും ഉള്ള വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ വിരലടയാളം നല്‍കുകയും ജീവിക്കാന്‍ ആവശ്യമായ പണം തങ്ങള്‍ക്ക് ഉണ്ടെന്‍ ബോദ്ധ്യപ്പെടുത്തുകയും വേണം.

ടയര്‍ 4 എന്നറിയപ്പെടുന്ന പുതിയ സംവിധാ‍നം കൂടുതല്‍ സുതാര്യവും എളുപ്പം മനസിലാക്കാന്‍ കഴിയുന്നതും ആണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. നിലവിലുള്ള കുടിയേറ്റ നിയമം ലളിതമാക്കാന്‍ പുതിയ സംവിധാനം ഉപകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

പുതിയ നിയമ പ്രകാരം വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യേണ്ടതുണ്ട്. യു കെ ബോര്‍ഡേഴ്സ് എജന്‍സി ലൈസന്‍സ് ലഭിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായിരിക്കണം സ്പോണ്‍സര്‍ ചെയ്യേണ്ടത്.

ബ്രിട്ടനിലെ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ കര്‍ശന വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടെന്ന് ബ്രിട്ടീഷ് ആഭ്യന്തര കാര്യ മന്ത്രി ലിയാം ബിര്‍ന്‍ പറഞ്ഞു. രാജ്യത്തെത്തുന്ന എല്ലാവരും നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണ്.

ബ്രിട്ടനില്‍ വിദ്യാഭ്യാസത്തിനായി വരുന്ന വിദേശികള്‍ ഉന്നത പഠന നിലവാരവും പുലര്‍ത്തേണ്ടതുണ്ട്. ഇവര്‍ നേരത്തേ തന്നെ തിരിച്ചറിയല്‍ കാര്‍ഡുകളും കൈവശമാക്കണം- ലിയാം പറഞ്ഞു.

വിദ്യാഭ്യാസത്തിനെത്തിയ ശേഷം അപ്രത്യക്ഷമാകുന്ന വിദ്യാര്‍ത്ഥികളെ കുറിച്ച് കോളേജുകളും സര്‍വകലാശാലകളും വിവരം നല്‍കണമെന്നും പുതിയ നിയമഥില്‍ വ്യവസ്ഥയുണ്ട്.

വെബ്ദുനിയ വായിക്കുക