യമനില്‍ സംഘര്‍ഷം തുടരുന്നു; മരണം 39

ശനി, 28 മാര്‍ച്ച് 2015 (08:53 IST)
യമനില്‍ സംഘര്‍ഷം തുടരുന്നു. ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ യമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സഖ്യരാഷ്ട്രങ്ങള്‍ നടത്തുന്ന വ്യോമാക്രമണം തുടരുകയാണ്. ആക്രമണത്തില്‍ ഇതുവരെ 39 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധിയാളുകള്‍ പരുക്കേറ്റിട്ടുണ്ട്.
 
യമന്‍ പ്രസിഡന്റ് അബെദ് റെബ്ബോ മന്‍സൂര്‍ ഹാദിക്കെതിരെ പോരാടുന്ന ഷിയ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് വ്യോമാക്രമണം നടക്കുന്നത്. അതേസമയം, പ്രസിഡന്റ് ഹാദി സൗദി അറേബ്യയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. സൌദിയുടെ തലസ്ഥാനമായ റിയാദില്‍ ഇദ്ദേഹം അഭയം തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
സൗദി അറേബ്യയ്ക്ക് പുറമേ യു എ ഇ, ഖത്തര്‍, കുവൈറ്റ്, ബഹ്‌റിന്‍ തുടങ്ങി പത്തു രാഷ്‌ട്രങ്ങളാണ് യമനില്‍ വിമതര്‍ക്കെതിരെ പോരാട്ടം നടത്തുന്നത്. ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായി 100 യുദ്ധവിമാനങ്ങളാണ് അതിര്‍ത്തിയില്‍ സൗദി ഒരുക്കിയിരിക്കുന്നത്. 
 
1,50,000 സൈനികരെയും യമന്‍ അതിര്‍ത്തിയില്‍ സൗദി വിന്യസിപ്പിച്ചിട്ടുണ്ട്. യു എ ഇയുടെ മുപ്പതും കുവൈറ്റിന്റെ 15ഉം ഖത്തറിന്റെ പത്തും ജെറ്റു വിമാനങ്ങളാണ് ആക്രമണം നടത്തുന്നത്.

വെബ്ദുനിയ വായിക്കുക