യമനിലെ വ്യോമാക്രമണം സൌദി സഖ്യസേന അവസാനിപ്പിച്ചു

ബുധന്‍, 22 ഏപ്രില്‍ 2015 (09:08 IST)
യമനിലെ വ്യോമാക്രമണം സൌദി സഖ്യസേന അവസാനിപ്പിച്ചു. എന്നാല്‍, സൈനികദൌത്യം പൂര്‍ണമായും നിര്‍ത്തില്ല. കഴിഞ്ഞ 27 ദിവസത്തെ വ്യോമാക്രമണമാണ് സൌദി അവസാനിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
 
യമനിലെ ഹൂതി വിമതര്‍ക്കെതിരെ സൌദി അറേബ്യയുടെ നേതൃത്വത്തില്‍ ‘ഓപ്പറേഷന്‍ ഡിസിസീവ് സ്റ്റോം’ എന്ന പേരിലായിരുന്നു വ്യോമാക്രമണം തുടര്‍ന്നു വന്നിരുന്നത്. വിമതരുടെ കൈവശമുണ്ടായിരുന്ന മിസൈലുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞതായി  സൗദിസേനയുടെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അല്‍ അസ്സിരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
വ്യോമാക്രമണം നിര്‍ത്തിയാലും യമനിലേക്കുള്ള നാവിക ഉപരോധവും വിമതനീക്കങ്ങള്‍ക്ക് എതിരെയുള്ള ജാഗ്രതയും തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സൗദിക്കും അയല്‍രാജ്യങ്ങള്‍ക്കുമുള്ള ഭീഷണി ഇല്ലാതാക്കിയെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
യമനില്‍ രാഷ്‌ട്രീയ പരിഹാരത്തിനുള്ള ശ്രമമാണ് ഇനി ഉണ്ടാവുകയെന്നും ഭീകരതയെ ചെറുക്കാനും രാഷ്‌ട്ര നിര്‍മാണത്തിനും യമന്‍ ഭരണകൂടത്തെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യമനിലെ സൈനിക ഇടപെടല്‍ ‘ഓപറേഷന്‍ റീസ്റ്റോറിങ് ഹോപ്’ എന്ന പേരില്‍ ആയിരിക്കും തുടരുക.

വെബ്ദുനിയ വായിക്കുക