മെയ് 1-ന് ജോണ്‍ പോള്‍ II വാഴ്ത്തപ്പെട്ടവനാകും

വെള്ളി, 29 ഏപ്രില്‍ 2011 (14:52 IST)
PRO
PRO
കാലം ചെയ്ത ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ഇപ്പോഴത്തെ ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ തൊഴിലാളി ദിനമായ മെയ് ഒന്നിന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിലാണ് ഈ ചടങ്ങ് നടക്കുക. ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ നേതൃത്വം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ 40 ലക്ഷം വിശ്വാസികള്‍ എത്തുമെന്നാണ് കരുതുന്നത്. ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പും വൈദികരും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഇന്ത്യയില്‍ നിന്നു പങ്കെടുക്കും.

തൊഴിലാളികളുമായി ജോണ്‍ പോള്‍ രണ്ടാമന് ഉണ്ടായിരുന്ന അടുപ്പം പരിഗണിച്ചാണ് തൊഴിലാളി ദിനമായ മെയ് ഒന്നിന് തന്നെ ചടങ്ങ് സംഘടിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള പ്രക്രിയയാണ് വാഴ്ത്തപ്പെട്ടവനാക്കുന്ന ചടങ്ങ്. ആദ്യത്തെ മാര്‍പാപ്പയായ വിശുദ്ധ പത്രോസ് മുതല്‍ എല്ലാവരെയും വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ട്. ചടങ്ങിന്റെ ഭാഗമായി, കേരളമടക്കം ഇന്ത്യയിലെ പല പള്ളികളിലും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയെ അനുസ്മരിക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

2005 ഏപ്രില്‍ രണ്ടാം തീയതി കാലംചെയ്ത മാര്‍പാപ്പയുടെ ഭൗതികശരീരം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായിലെ ഭൂഗര്‍ഭ കപ്പേളയിലാണ് സംസ്കരിച്ചിരുന്നത്. പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിന് മുമ്പായി ഭൗതികാവശിഷ്ടങ്ങള്‍ പൊതുവണക്കത്തിനായി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായിലെ പ്രത്യേക അള്‍ത്താരയിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.

വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ചടങ്ങ് കഴിഞ്ഞയുടന്‍ ഈ ഭൗതികാവശിഷ്ടങ്ങള്‍ ബസിലിക്കായുടെ വലതുഭാഗത്ത് മൈക്കളാഞ്ചലോയുടെ വിശ്വത്തര ശില്പമായ പിയത്തായോടു ചേര്‍ന്നുള്ള, വിശുദ്ധ സെബസ്ത്യാനോസിന്‍റെ അള്‍ത്താരയില്‍ സ്ഥാപിക്കപ്പെടും.

വെബ്ദുനിയ വായിക്കുക