മുഷാറഫ് വിചാരണക്ക് ഹാജരാകണമെന്ന് കോടതി

വ്യാഴം, 9 ജനുവരി 2014 (18:39 IST)
PRO
PRO
മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫ് വിചാരണക്ക് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. രാജ്യദ്രോഹകുറ്റത്തിന്‍മേലുള്ള വിചാരണക്ക് ജനുവരി 16ന് ഹാജരാകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മുഷാറഫിന് വിചാരണക്ക് ഹാജരാകാന്‍ സാധിക്കില്ലെന്ന അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം. എന്നാല്‍ മുഷാറഫിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വിചാരണക്ക് ഹാജരാകാതിരിക്കാനുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ തവണ മുഷാറഫ് വിചാരണക്ക് ഹാജരായിരുന്നില്ല. കോടതിയിലേക്ക് പോകുന്ന വഴിയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടതിനെ തുടര്‍ന്ന് നേരത്തെ വിചാരണ നീട്ടിവെച്ചിരുന്നു.

2007ല്‍ ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് മുഷാറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. സൈനിക തലവനായിരുന്ന ഒരാള്‍ പാക് ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് രാജ്യദ്രോഹ കുറ്റത്തിന് വിചാരണ നേരിടുന്നത്. 2007ലെ അടിയന്തരാവസ്ഥ കാലത്ത് 60 ജഡ്ജിമാരെ തുറുങ്കിലില്‍ അടച്ച കേസിലാണ് മുഷാറഫ് അറസ്റ്റിലായത്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് മുഷാറഫ് പറയുന്നു.

വെബ്ദുനിയ വായിക്കുക