ജനറല്‍ പര്‍വേസ് മുഷറഫിനെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണചെയ്യാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
പട്ടാളഭരണകാലത്ത് ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജഡ്ജിമാരെ തടവിലാക്കുകയും ചെയ്തതിനാണ് നടപടി. കുറ്റം തെളിയിക്കപ്പെട്ടാല്‍ വധശിക്ഷയോ ജീവപര്യന്തമോ ആകും ശിക്ഷ. ബേനസീര്‍വധം അടക്കമുള്ള മൂന്ന് പ്രധാന കേസുകളില്‍ ജാമ്യം നേടിയ മുഷറഫ് രാജ്യം വിടാന്‍ തയ്യാറെടുക്കവെയാണ് വീണ്ടും തിരിച്ചടി.
ഭരണഘടനയുടെ ആറാം വകുപ്പനുസരിച്ച് മുഷറഫിനെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിക്ക് കത്തയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലിഖാന്‍ അറിയിച്ചു. സുപ്രീംകോടതി നിയോഗിച്ച അന്വേഷണസമിതി മതിയായ തെളിവുകള്‍ ശേഖരിച്ചശേഷമാണ് നടപടി.
നവാസ് ഷെറീഫിനെ അട്ടിമറിച്ചാണ് 1999 മുഷറഫ് ഭരണം പിടിച്ചെടുത്തത്. വീണ്ടും പ്രധാനമന്ത്രിയായ ഷെറീഫിന്റെ സര്‍ക്കാരാണ് മുഷറഫിന്റെ വിധി നിര്‍ണയിക്കുന്നത്. ഷെറീഫ് വ്യക്തിപരമായ പ്രതികാരം തീര്‍ക്കുകയാണെന്ന് മുഷറഫ് അനുകൂലികള്‍ പറയുന്നു.
വിവിധ കേസുകളില്‍ ജാമ്യം നേടിയ മുഷറഫ് ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ലാല്‍ മസ്ജിദ് കേസില്‍ വീണ്ടും അറസ്റ്റിലായത്.