മുടി മുറിച്ചു വിറ്റ പണം കൊണ്ട് വീട് വാങ്ങും!

വെള്ളി, 27 ഏപ്രില്‍ 2012 (17:55 IST)
PRO
PRO
മനോഹരമായ ഒരു കൊച്ചുവീട് സ്വന്തമാക്കണം, നതാഷയുടെയും കുടുംബത്തിന്റെയും സ്വപ്നമാണത്. വീടു വാങ്ങാന്‍ പണമുണ്ടാക്കാന്‍ ഈ 12-കാരി പെണ്‍കുട്ടി കണ്ടെത്തിയ മാര്‍ഗം സ്വന്തം തലമുടി വില്‍ക്കുക എന്നതായിരുന്നു.

ബ്രസീല്‍കാരിയായ നതാഷ മൊറെയ്സ് ഡി അന്ദ്രാഡെയ്ക്ക് തലമുടി ചില്ലറയൊന്നുമല്ല ഉണ്ടായിരുന്നത്. 1.6 മീറ്റര്‍ നീളത്തില്‍ മുടിയുണ്ടായിരുന്ന നതാഷ എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്നു. ഇത്രയും നീളമുള്ള തലമുടി വെട്ടി വിറ്റ് നതാഷ നേടിയത് മൂവായിരം പൌണ്ട്. വീടു വാങ്ങുന്നതിനായി പണം വീട്ടുകാര്‍ക്ക് നല്‍കുകയും ചെയ്തു.

ജനിച്ച ശേഷം ഇതാദ്യമായാണ് നതാഷ മുടി മുറിക്കുന്നത്. നീളന്‍ തലമുടി കാരണം ശ്രദ്ധേയയായിരുന്നെങ്കിലും അത് പരിപാലിക്കാന്‍ ഈ പെണ്‍കുട്ടി ഏറെ കഷ്ടപ്പെട്ടിരുന്നു. മുടി കഴുകിയുണക്കാന്‍ മാത്രം വേണം നാലുമണിക്കൂര്‍. ഓടിച്ചാടി നടക്കാനൊന്നും സാധിച്ചിരുന്നില്ല, മുടി എവിടെയെങ്കിലും ഉടക്കിപ്പോയാലോ?

മുടി വെട്ടാന്‍ തുടങ്ങിയപ്പോള്‍ നതാഷയ്ക്ക് ആദ്യം കരച്ചില്‍ വന്നു. പക്ഷേ ഇപ്പോള്‍ സന്തോഷവതിയാണ്. സൈക്കിള്‍ ഓടിക്കാന്‍ പഠിക്കുകയാണ് ഈ പെണ്‍കുട്ടിയിപ്പോള്‍. മുടി വെട്ടിയത് കാരണം ബീച്ചില്‍ പോകാനും നീന്താനുമൊക്കെ ഇപ്പോള്‍ പ്രയാസമില്ലെന്നും നതാഷ പറയുന്നു.

വെബ്ദുനിയ വായിക്കുക